യാംബു: മൂന്നരപ്പതിറ്റാണ്ടത്തെ പ്രവാസം പൂർത്തിയാക്കി അബ്ബാസ് ആനപ്പുറം സ്വദേശത്തേക്ക് മങ്ങുന്നു. പത്രവായനക്കാരായ പ്രവാസികൾക്ക് സുപരിചിതനായ കുറിപ്പുകാരനാണ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടി അത്താണിക്കൽ സ്വദേശിയായ അബ്ബാസ് ആനപ്പുറം. ഗൾഫ് മാധ്യമം, മലയാളം ന്യൂസ്, തേജസ് തുടങ്ങിയ പത്രങ്ങളിൽ ആനുകാലിക വിഷയങ്ങളിൽ കുറിപ്പുകൾ, കവിതകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൾഫ് മാധ്യമത്തിലെ 'ഇൻബോക്‌സ്' പംക്തിയിൽ സ്ഥിരമായി കുറിപ്പുകൾ എഴുതുന്നു.
1984ൽ ഒമാനിൽ ആരംഭിച്ച പ്രവാസം പിന്നീട് ഖത്തറിലേക്കും യു.എ.ഇയിലും 1996ൽ സൗദിയിലേക്കും പറിച്ചുനടുകയായിരുന്നു. ഇതിനിടയിൽ വീണ്ടും യു.എ.ഇയിലേക്ക് സ്ഥലംമാറിപ്പോയ അദ്ദേഹം 2005ൽ സൗദിയിൽ തിരിച്ചെത്തി. യാംബുവിലെ പ്രമുഖ സ്വകാര്യ കമ്പനിയായ സോയാബീൻ ക്രഷിങ് കമ്പനിയിൽ പർച്ചേസ് ഓഫിസർ പദവിയിൽനിന്ന് വിരമിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
നാട്ടിൽ കെ.എസ്.യു (എസ്) മലപ്പുറം ജില്ല സെക്രട്ടറിയും സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗവുമായിരുന്നു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും പത്ര, പുസ്തകവായനയിൽ പ്രത്യേകം ശ്രദ്ധപതിപ്പിച്ച അബ്ബാസ് ആനുകാലിക വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ പുലർത്തുകയും തന്റെ വിലയിരുത്തലുകൾ എഴുത്തുകളിലൂടെയും മറ്റും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാസത്തിൽ ഇടതുപക്ഷ പ്രവാസിസംഘടനയായ നവോദയയുടെ ആദ്യകാല പ്രവർത്തകനായിരുന്നു. നാട്ടിലെത്തിയാലും വായനയും എഴുത്തും തുടരാൻ തന്നെയാണ് ആഗ്രഹമെന്ന് അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ആരിഫയാണ് ഭാര്യ. മക്കൾ: അഫ്‌നാൻ. ഹനീന, ഹംന, ഹനിയ, നിദ. ഈ മാസം 27ന് നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസ് ആനപ്പുറവുമായി സുഹൃത്തുക്കൾക്ക് 0547220705 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.