റിയാദ്: തന്റെ മോചനത്തിനായി എല്ലാം മറന്നൊന്നിച്ച നാടിനും മനുഷ്യസ്നേഹികൾക്കും ജയിലിൽനിന്ന് നന്ദി പറഞ്ഞ് അബ്ദുറഹീം. പെരുന്നാൾ ദിവസമാണ് റഹീം ഫോണിൽ ബന്ധപ്പെട്ടതെന്ന് എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
അന്ന് വരെ 18 കോടി സമാഹരിച്ചെന്നറിയിച്ചപ്പോൾ റഹീം വിതുമ്പിപ്പോയി. 17 വർഷത്തിലധികം ജയിലിൽ കിടന്ന റഹീമിനെ മോചനത്തേക്കാളേറേ ആഹ്ലാദിപ്പിക്കുന്നത് തനിക്ക് വേണ്ടി ലോകം ഐക്യപ്പെട്ടതറിഞ്ഞാണ്.
കോഴിക്കോട്: പൊന്നുമോനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഒരുമ്മ നിർത്താതെ കണ്ണീരൊഴുക്കി; ഒന്നും രണ്ടും വർഷമല്ല, ഒന്നര വ്യാഴവട്ടക്കാലം. ആ കണ്ണീരിന്റെ കഥ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത, എന്നും മാനവ സ്നേഹത്തിന്റെ മഹിത മാതൃകകൾ സൃഷ്ടിച്ച മലയാളികളുടെ കാതുകളിലെത്തിയപ്പോൾ മൂന്നാഴ്ച കൊണ്ട് ഒഴുകിയെത്തിയത് 34.45 കോടി രൂപ. ലോകമെങ്ങുമുള്ള മലയാളികൾ ആ മഹാകാരുണ്യ പ്രവാഹത്തിൽ തുള്ളികളായി അലിഞ്ഞു.
വധശിക്ഷ വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന മകൻ അബ്ദുറഹീമിന്റെ മോചനമായിരുന്നു ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് ഫാത്തിമയുടെ മനസു നിറയെ. മാപ്പുനൽകി റഹീമിനെ വധശിക്ഷയിൽ നിന്നൊഴിവാക്കാൻ സൗദി പൗരന്റെ കുടുംബം പതിനഞ്ച് മില്യൺ റിയാൽ (34 കോടി രൂപ) ഏപ്രിൽ 16നകം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതറിഞ്ഞ് നാട്ടുകാർ അബ്ദുറഹീം നിയമസഹായ ട്രസ്റ്റ് രൂപവത്കരിച്ചു. ഭാരവാഹികൾ തുക സമാഹരിക്കാൻ ആദായ നികുതി വകുപ്പ്, റിസർവ് ബാങ്ക്, ഫെമ എന്നിവയിൽ നിന്ന് അനുമതി വാങ്ങി. കോഴിക്കോട്ടെ പി.എം. അസോസിയേറ്റ്സാണ് ഇക്കാര്യങ്ങൾക്ക് ട്രസ്റ്റിനെ സഹായിച്ചത്.
മഞ്ചേരിയിലെ സ്പൈൻകോഡിന്റെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണത്തിന് ആപ് നിർമിച്ചു. ഓരോ സെക്കൻഡിലും അക്കൗണ്ടിലെത്തുന്ന തുക ആർക്കും കാണാവുന്ന രീതിയിലും സംഭാവനയായി നൽകുന്ന ഒരു രൂപക്കുപോലും രസീത് ലഭിക്കുന്ന തരത്തിലുമായിരുന്നു ആപ്പിന്റെ ക്രമീകരണം. ബോബി ചെമ്മണ്ണൂർ (ബോചെ) റഹീം സഹായ ഫണ്ടിനായി തെരുവിലിറങ്ങി കാമ്പയിൻ തുടങ്ങിയതും മുതൽക്കൂട്ടായി. പെരുന്നാൾ തലേന്ന് മാത്രം അഞ്ച് കോടി രൂപയാണ് അക്കൗണ്ടിൽ എത്തിയത്.
ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുല്‍ റഹീം 2006 നവംബർ 28ന് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയി ഒരു മാസത്തിനകമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്പോണ്സര് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ശഹ്രിയുടെ ശാരീരിക വൈകല്യമുള്ള മകന് അനസ് അല്‍ ശഹ്രിയുടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ കൈതട്ടി അനസിന് ബോധം നഷ്ടമാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. റിയാദ് കോടതി റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു.
മനഃപൂർവമല്ലാത്ത സംഭവമായിട്ടും ബാലന്റെ കുടുംബം, പ്രത്യേകിച്ച് മാതാവ്, റഹീം മനഃപൂർവം നടത്തിയ കൊലപാതകമാണെന്ന് വിശ്വസിക്കുകയും ആ നിലപാടിൽ കോടതിയിൽ ഉറച്ചുനിൽക്കുകയും ചെയ്തതിനാലാണ് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ എംബസിയും സർവകക്ഷി സമിതിയും അഭിഭാഷകരെ നിയോഗിച്ച് കേസിൽ ഇടപെട്ടിട്ടും ഫലമുണ്ടായില്ല.
പിന്നീട് വലിയ സമ്മർദങ്ങൾക്കൊടുവിലാണ് ദിയധനം സ്വീകരിച്ച് (പ്രതിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുന്നതിന് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരം) മാപ്പ് നൽകാൻ സൗദി കുടുംബം തയാറായത്. അതേസമയം, റഹീമിന്റെ മോചനത്തിനായുള്ള ധനസമാഹരണം 34 കോടി കവിഞ്ഞെന്നും പണം പിരിക്കുന്നത് അവസാനിപ്പിച്ചെന്നും അബ്ദു റഹീം നിയമ സഹായ ട്രസ്റ്റ് ചെയർമാൻ കെ. സുരേഷ് കുമാറും ജനറൽ കൺവീനർ കെ.കെ. ആലിക്കുട്ടിയും അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ടുവരെ അക്കൗണ്ടുകളിൽ 32.52 കോടി രൂപ എത്തി. വിവിധ സംഘടനകൾ സമാഹരിച്ച തുകയും ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്ത ഒരുകോടി രൂപയും കൂടി ഉൾപ്പെടുത്തിയതോടെ ആകെ 34,45,46,568 രൂപയായി. ഇതോടെയാണ് പിരിവ് നിർത്തിയത്. മൂന്നാഴ്ചകൊണ്ടാണ് ഇത്രയും തുക സമാഹരിച്ചത്. ഇനി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസി വഴി പണം കൈമാറി റഹീമിന്റെ മോചനം സാധ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.