ജിദ്ദ: വാഹനാപകടങ്ങളിൽ 40 ശതമാനവും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമൂലമാണെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് ഖസീം മേഖല ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ വ്യക്തമാക്കി.
ബുറൈദയിലെ അൽബുഖാരി റോഡിൽ മേഖലയിലെ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ 'നിങ്ങളുടെ ജീവിതം ഏറ്റവും പ്രധാനം' എന്ന തലക്കെട്ടിൽ ഖസീം ട്രാഫിക് സംഘടിപ്പിച്ച കാമ്പയിൻ ഉദ്ഘാടനവേളയിലാണ് ഇക്കാര്യം പറഞ്ഞത്.
ട്രാഫിക് സുരക്ഷാസന്ദേശം നൽകുന്നതിന് ഇങ്ങനെയൊരു കാമ്പയിൻ സംഘടിപ്പിച്ച ട്രാഫിക് വകുപ്പിനും പങ്കാളികളായ മറ്റ് വകുപ്പുകൾക്കും ഗവർണർ നന്ദി പറഞ്ഞു. ട്രാഫിക് നിയമങ്ങൾ പാലിച്ച് മൊബൈൽ ഫോൺ ഉപയോഗിക്കാതെ വാഹനമോടിക്കുന്നതിനെക്കുറിച്ച് അവബോധം വളർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഗവർണർ സൂചിപ്പിച്ചു. തുടർന്ന് അദ്ദേഹം പവിലിയനുകൾ സന്ദർശിച്ചു. മേഖല ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് അൽഅവാജിയടക്കം ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.