നജ്റാൻ: നജ്റാൻ നഗരത്തിൽ നിന്ന് ആറു കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള സംരക്ഷിത പുരാവസ്തു കേന്ദ്രമായ അൽ ഉഖ്ദൂദിൽ അതിക്രമിച്ചുകയറിയവർക്കെതിരെ നടപടി. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിൽനിന്നാണ് ചിലയാളുകൾ ഈ ഭാഗത്ത് കടന്നുകയറി അതിക്രമം കാണിക്കുന്നതായി മനസ്സിലാക്കിയത്.
തുടർന്ന് സൗദി ഹെറിറ്റേജ് അതോറിറ്റി നടത്തിയ അന്വേഷണത്തിലാണ് നിയമലംഘകരെ കണ്ടെത്തി പിടികൂടാൻ കഴിഞ്ഞത്. മേൽശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് പ്രതികളെ കൈമാറി. അഞ്ചു കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന മേഖലയിൽ ഒരു പ്രാചീന കോട്ടയും മറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുമാണുള്ളത്. പുരാതന നാഗരികതയുടെ രേഖാചിത്രങ്ങളും ശിലകളിൽ കൊത്തിവെച്ച കലാവേലകളും പഴമക്കാരുടെ ദൈനംദിന ജീവിത സൗകര്യങ്ങളുടെ ശേഷിപ്പുകളുമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.
മുഹമ്മദ് നബിക്ക് രണ്ട് നൂറ്റാണ്ട് മുമ്പ് യുസുഫ് ദൂ നുവാസ് എന്ന ജൂത രാജാവിെൻറ ഭരണ കേന്ദ്രമായിരുന്നു ഉഖ്ദൂദ് നഗരം. ഈസ പ്രവാചകെൻറ അധ്യാപനങ്ങളിൽ പിന്തുടർന്ന നിരവധി വിശ്വാസികൾ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. യഹൂദ മത വിശ്വാസിയായ ദൂ നുവാസ് രാജാവ് നിലവിലുള്ള തങ്ങളുടെ വിശ്വാസം വെടിയാനും ജൂതമതം സ്വീകരിക്കാനും നിർബന്ധിക്കുകയും അല്ലാത്തപക്ഷം വധിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തികഞ്ഞ ഏകദൈവ വിശ്വാസികളായ അവർ ജൂത മതം സ്വീകരിക്കാൻ തയാറായില്ല. ഇക്കാരണത്താൽ രാജാവ് കോട്ടക്ക് സമീപം അ്നിയുടെ വലിയ കിടങ്ങുകൾ ഉണ്ടാക്കി വിശ്വാസികളെ മുഴുവൻ ചുട്ടെരിച്ചതായി ചരിത്രം പറയുന്നു. സൗദി ആർക്കിയോളജിക്കൽ വകുപ്പിന് കീഴിലുള്ള ഈ പ്രദേശം സന്ദർശിക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്താറുണ്ട്. രാജ്യത്തെ പൈതൃക, ചരിത്ര കേന്ദ്രങ്ങൾ സംരക്ഷിതമാണെന്നും ഇവിടെ കടന്നുകയറി അതിക്രമം നടത്തുന്നത് ഗുരുതര കുറ്റമാണെന്നും ഹെറിറ്റേജ് അതോറിറ്റി നിരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.