റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് മൂന്നു മാസം കഴിഞ്ഞിട്ടും പ്രവർത്തനരംഗത്ത് സജീവമാകുന്നില്ലെന്ന വിലയിരുത്തലിൽ മുസ്ലിം ലീഗ് നേതൃത്വം. ഭാരവാഹി യോഗംപോലും വിളിക്കാൻ കൂട്ടാക്കാതെ തുടരുന്ന അലംഭാവത്തിന് എതിരെ സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് താക്കീത് നൽകിയിരിക്കുകയാണ്. പ്രധാന ഭാരവാഹികൾ തന്നെ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുവെന്ന് സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടതിനാലാണ് താക്കീത് നൽകിയിരിക്കുന്നത്. ഫെബ്രുവരി 20 ന് മുമ്പ് യോഗം വിളിച്ചു പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് ലീഗ് ജനറൽ സെക്രട്ടറി അയച്ച കത്തിൽ മുന്നറിയിപ്പു നൽകി.
റമദാനിൽ മൂന്ന് സി.എച്ച് സെന്ററുകൾക്ക് വേണ്ടി നടത്തുന്ന ധനസമാഹരണം, ഡൽഹി ആസ്ഥാനമായി നിർമിക്കുന്ന ഖായിദെ മില്ലത്ത് സൗധത്തിനു വേണ്ടി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ട സംഭാവന സമാഹരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇതുമൂലം മുടങ്ങിയിരിക്കുകയാണെന്നാണ് നേതൃത്വം കരുതുന്നത്. സംഘടനയെ തളർത്തുന്ന രീതിയിലുള്ള വിഭാഗീയ പ്രവർത്തനങ്ങളിൽ നേതൃത്വം കടുത്ത നിരാശയിലും അമർഷത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.