റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ 18 വർഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി ദിയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം. റഹീമിെൻറ മോചനത്തിനായി കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ പ്രവാസി സമൂഹം റിയാദിൽ രൂപവത്കരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ റിയാദ് നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലേയും മുഴുവൻ ഭാഗങ്ങളിലുമുള്ള മലയാളികളെ പ്രവർത്തകർ സമീപിക്കും. 25 റിയാലാണ് ഒരു ബിരിയാണിയുടെ നിരക്ക്. ഒരാൾ മിനിമം അഞ്ച് ബിരിയാണി ഓർഡർ ചെയ്യണം. മോചനശ്രമത്തിന് റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. മോചനദ്രവ്യമായി ആകെ വേണ്ടത് 34 കോടി രൂപയാണ് (1.5 കോടി റിയാൽ). പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഒരു ജീവകാരുണ്യപ്രവർത്തനമായി കണ്ട് ബിരിയാണി ചലഞ്ചുമായി എല്ലാവരും സഹകരിക്കണമെന്ന് നിയമസഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.