ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഇൗജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളിലായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്‌നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്. ഗസ്സയിലെ ദുരിതബാധിതരായ ഫലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയാറെടുപ്പിലാണ്. ഫലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിെൻറ തുടർച്ചയെന്നോണമാണ് ഈ സഹായം.
കിങ് സൽമാൻ റിലീഫ് സെൻറർ വിമാനം, കപ്പൽ വഴി ഗസ്സയിലേക്ക് സഹായം അയയ്ക്കുന്നത് തുടരുകയാണ്. ഭക്ഷണവും വൈദ്യസഹായവും അടങ്ങിയ 11 ട്രക്കുകൾ റഫ അതിർത്തി കടന്ന് ഗസ്സയിലേക്ക് പുറപ്പെട്ടതായി കിങ് സൽമാൻ കേന്ദ്രം വക്താവ് സമിർ അൽജതീലി പറഞ്ഞു. സഹായവുമായി 19-ാം നമ്പർ വിമാനം ഇതിനകം ഇൗജിപ്തിലെ അരീഷിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലേക്ക് സൗദി ദുരിതാശ്വാസ കപ്പൽ ഉടനെ എത്തും. മെഡിക്കൽ സപ്ലൈസ്, ലായനികൾ, ഭക്ഷണം, കുട്ടികൾക്കുള്ള പാൽ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമുണ്ട്.
350 ട്രക്കുകളിലായി സഹായ വസ്തുക്കളുണ്ട്. ഇൗ ട്രക്കുകൾ കടത്തിവിടാൻ അതിർത്തി തുറക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഗസ്സയിലേക്കുള്ള സഹായ പ്രവാഹത്തിന് നിയന്ത്രണമില്ലാതെ അതിർത്തി കവാടം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുവെന്നും കിങ് സൽമാൻ കേന്ദ്രം വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.