റിയാദ്: കോവിഡിനെ തുടർന്ന് റെഗുലർ വിമാന സർവിസ് നിർത്തിവെച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ബദൽ സംവിധാനമായ ഇന്ത്യാ-സൗദി എയർബബ്ൾ കരാർ ശനിയാഴ്ച മുതൽ പ്രാബല്യത്തിലാവും. കേരളത്തിലേക്കുൾപ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്ക് സൗദിയുടെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സർവിസ് ആരംഭിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സർവിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സർവിസുണ്ടാവും. കോവിഡിനെ തുടർന്ന് ഇരു രാജ്യങ്ങളും അന്താരാഷ്ട്ര വിമാനസവിസ് നിർത്തിവെച്ചിരിക്കുകയാണ്.
ഇന്ത്യ ജനുവരി 31 വരെ അന്താരാഷ്ട്ര സർവിസ് നിരോധനം നീട്ടിയിരിക്കുകയുമാണ്. സൗദിയും ഇന്ത്യാ സെക്ടറിൽ റെഗുലർ വിമാന സർവിസ് അനുവദിച്ച് തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടെയും ദേശീയ വിമാന കമ്പനികളെ ഉപയോഗിച്ച് പരസ്പര ധാരണയിൽ സർവിസ് നടത്താനുള്ള എയർ ബബ്ൾ കരാർ ഉണ്ടാക്കിയത്.
ഇതുവരെ വന്ദേഭാരത് വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും മാത്രമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സർവിസ് നടത്തുന്നത്. അതാകട്ടെ യാത്രാചെലവ് ഭാരിച്ചതാക്കുന്നതുമാണ്. എയർ ബബ്ൾ പ്രകാരമുള്ള സർവിസിൽ ടിക്കറ്റ് നിരക്ക് കുറയും എന്ന പ്രതീക്ഷയിലാണ് യാത്രക്കാരായ പ്രവാസികളും.
കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സൗദിയിൽ നിന്ന് വിമാന സർവിസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ പറഞ്ഞിരുന്നു. അതിന് ശേഷം വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ വ്യാഴാഴ്ച റിയാദിൽ ഇന്ത്യൻ എംബസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ജനുവരി ഒന്ന് മുതൽ എയർ ബബ്ൾ കരാർ നിലവിൽ വരുമെന്നും വിമാന സർവിസ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചത്.
സൗദിയിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്‍റീൻ അടക്കമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.