റിയാദ്: ഈദ്, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിൽ അമിത ചാർജ് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവരണമെന്ന് മാറാക്കര ഗ്ലോബൽ കെ.എം.സി.സി യോഗം ആവശ്യപ്പെട്ടു. കൂടുതൽ പ്രവാസികളുള്ള കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്ക് കൂടുതൽ വിമാന സർവിസ് ആരംഭിക്കാൻ കേരള സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണം. അമിത നിരക്കിൽനിന്ന് പ്രവാസികളെ രക്ഷിക്കാൻ പ്രവാസികളുടെ പങ്കാളിത്തത്തോടെ എയർ കേരള ആരംഭിക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കണം. സൗദി എയർലൈൻസ്, എമിറേറ്റ്സ് എന്നീ വിമാനക്കമ്പനികൾക്ക് കോഴിക്കോട് സർവിസ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വിവിധ മത - ജാതി - വർഗ ജനവിഭാഗങ്ങൾ ജീവിക്കുന്ന ഇന്ത്യ രാജ്യത്ത് ഏക സിവിൽ കോഡ് ഒട്ടും പ്രായോഗികമല്ല. ആയതിനാൽ, ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി വിദ്യാർഥികൾ വിജയിച്ച മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് വൺ ബാച്ചുകൾ ഉടനെ അനുവദിച്ച് 10ാം ക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും ഹയർ സെക്കൻഡറി പഠനത്തിന് അവസരം നൽകണം. മാറാക്കര പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ലഹരി മാഫിയയുടെ പ്രവർത്തനം വർധിച്ചുവരുന്നതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ മക്ക ഹറം, മിന എന്നിവിടങ്ങളിൽ ഹാജിമാർക്കുവേണ്ടി സേവനം ചെയ്ത മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ ആദരിക്കാനും മാറാക്കര ഗ്ലോബൽ കെ.എം.സി.സിയുടെ മെംബർഷിപ് ആൻഡ് പ്രിവിലേജ് കാർഡിന്റെ രണ്ടാം ഘട്ടം ഉടനെ ആരംഭിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാടാമ്പുഴ മൂസ ഹാജി, ബഷീർ രണ്ടത്താണി എന്നിവരെ അഭിനന്ദിച്ചു.
സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന യോഗം മാറാക്കര ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് ബഷീർ കുഞ്ഞു കാടാമ്പുഴ ഉദ്ഘാടനം ചെയ്തു.വർക്കിങ് പ്രസിഡൻറ് ശരീഫ് കരേക്കാട് (ദുബൈ) അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അലി മനയങ്ങാട്ടിൽ (യു.എ.ഇ), പി.എം. ഹുസൈൻ (കുവൈത്ത്), നാസർ കാടാമ്പുഴ (മക്ക), ബഷീർ നെയ്യത്തൂർ (അൽ അഹ്സ), പി.കെ. മുസ്തഫ (ലണ്ടൻ), മുഹമ്മദ് കല്ലിങ്ങൽ (റിയാദ്) തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കുടി (അബൂദബി) പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ (ഖത്തർ) സ്വാഗതവും സെക്രട്ടറി ഫൈസൽ മുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.