റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കായിക വിഭാഗമായ ‘സ്കോർ’ സംഘടിപ്പിക്കുന്ന ‘ബെസ്റ്റ് 32’ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 16, 23 തീയതികളിൽ നടക്കും. റിയാദ് സുലൈയിലെ അൽമുതവ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 16 നിയോജകമണ്ഡലം കെ.എം.സി.സി കമ്മിറ്റികൾക്ക് കീഴിൽ നടന്ന ഫുട്ബാൾ ടൂർണമെന്റുകളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 32 ടീമുകളാണ് പങ്കെടുക്കുന്നത്.
ജേതാക്കൾക്ക് 5,000 റിയാൽ പ്രൈസ് മണിയും ജയ് മസാല ആൻഡ് ഫുഡ്സ് നൽകുന്ന ട്രോഫിയും സമ്മാനിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഈ മാസം 16നും ക്വർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ 23നും നടക്കും.
ഒരു വർഷം നീളുന്ന ‘ദി വോയേജ്‘ സംഘടന കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടന്നു. നൂറുകണക്കിന് പ്രവാസികളെ നോർക്കയിൽ അംഗത്വമെടുപ്പിക്കുകയും ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് എന്നിവയിൽ ചേർക്കുകയും ചെയ്തു. കെ.എം.സി.സി കമ്മിറ്റികളുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരുടെ മക്കളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു. സാമൂഹിക സേവന പ്രവർത്തനം നടത്തുന്ന മലപ്പുറം ജില്ല വെൽഫെയർ വിങ്ങിൽ പ്രവർത്തിക്കുന്ന വളന്റിയർമാർക്ക് പരിശീലനവും ശിൽപശാലയും സംഘടിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ പ്രവർത്തകർക്ക് പുതിയ കാലത്തെ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ജില്ല കെ.എം.സി.സിയുടെ സാംസ്കാരിക വിഭാഗമായ സംസ്കൃതിയുടെ നേതൃത്വത്തിൽ മാഗസിൻ പുറത്തിറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ‘റൂട്ട് 106’ എന്ന പേരിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രത്യേക സമ്മേളനങ്ങൾ ആരംഭിച്ചു. ‘സൂപ്പർ 16’ എന്ന പേരിൽ 16 നിയോജകമണ്ഡലം കമ്മിറ്റികളും സമ്മേളനം സംഘടിപ്പിക്കും.
മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച ‘സീതി സാഹിബ് അക്കാദമിയ’ സാമൂഹിക പഠനകേന്ദ്രത്തിന്റെ ഓഫ് കാമ്പസ് റിയാദിൽ സ്ഥാപിക്കും. കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് പഠനകേന്ദ്രം പ്രവർത്തിക്കുക. സംഘടനക്കകത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള വർക്ക്ഷോപ്പ് കഴിഞ്ഞ ദിവസം നടന്നു.
മരിച്ച നേതാക്കളുടെ ഓർമകൾ പങ്കുവെക്കുന്ന നേതൃസ്മൃതി, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, എം.എസ്.എഫ് ബാലകേരളം, വനിത കെ.എം.സി.സിക്ക് ജില്ലാഘടകം രൂപവത്കരിക്കൽ തുടങ്ങിയ പരിപാടികൾ അടുത്ത മാസങ്ങളിലായി നടക്കും. മലപ്പുറത്തിന്റെ വൈവിധ്യങ്ങളെ അനാവരണം ചെയ്തുള്ള ലിറ്ററേച്ചർ ആൻഡ് കൾചറൽ ഫെസ്റ്റ് സംഘടിപ്പിക്കും. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം സൗഹാർദം, മാതൃക തുടങ്ങിയ വിഷയങ്ങൾ പ്രവാസികൾക്കിടയിൽ ചർച്ചക്കെടുക്കുകയാണ് ഫെസ്റ്റിന്റെ ഉദ്ദേശ്യം.
മലബാറിന്റെ മാപ്പിള കലകൾ കോർത്തിണക്കി മാപ്പിള മലബാർ കലോത്സവം ‘ദി വോയേജി’ന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ജയ് മസാല ആൻഡ് ഫുഡ്സ് എം.ഡി. വിജയ് വർഗീസ് മൂലൻ, ട്രഷറർ മുനീർ വാഴക്കാട്, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, സ്പോർട്സ് വിങ് ചെയർമാൻ ഷക്കീൽ തിരൂർക്കാട്, ജനറൽ കൺവീനർ മൊയ്തീൻകുട്ടി പൊന്മള, കോഓഡിനേറ്റർ നൗഷാദ് ചക്കാല, ഹാരിസ് തലാപ്പിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.