റിയാദ്: പ്രസാധകരും അക്ഷരപ്രേമികളും ലോകത്തിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തി ഉത്സവമാക്കിയ അന്താരാഷ്ട്ര പുസ്തകപ്പൂരത്തിന് റിയാദിൽ കൊടിയിറക്കം. സൗദിയിലെ പ്രവാസി മലയാളികൾക്ക് ഇത് അഭിമാനം വാനോളമുയർന്ന മേളയുമായി. സൗദി ചരിത്രത്തിൽ ആദ്യമായാണ് ഒന്നിലേറെ മലയാള പ്രസാധകരും വ്യത്യസ്തമായ ആയിരക്കണക്കിന് മലയാള പുസ്തകങ്ങളും മേളയിൽ എത്തുന്നത്. എഴുത്തിന്റെയും വായനയുടെയും വിശാല ലോകത്തേക്ക് തലസ്ഥാന നഗരിയെ ക്ഷണിച്ച് സൗദി സാംസ്കാരിക വാർത്ത വിനിമയ മന്ത്രാലയമൊരുക്കിയ പുസ്തകമേളയിൽ 32 രാജ്യങ്ങളിൽ നിന്നായി 1200 പ്രസാധകർ പങ്കെടുത്ത മേളയിൽ തുനീഷ്യയായിരുന്നു അതിഥി രാജ്യം.
അറബ് ലോകത്തെ നിരവധി സാഹിത്യ, സാംസ്കാരിക പ്രമുഖരുടെയും ലോകരാജ്യങ്ങളില്നിന്നെത്തിയ പ്രസാധകരുടെയുമൊപ്പം മലയാളത്തിന്റെ പ്രിയ എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. എം.കെ. മുനീർ എം.എൽ.എ, ഡി.സി ബുക്സ് സി.ഇ.ഒ രവി ഡി.സി, സുൽത്താൻ വാരിയംകുന്നന്റെ രചയിതാവ് റമീസ് മുഹമ്മദ് എന്നിവരുടെയും പ്രസാധകരായ പ്രതാപൻ തായാട്ട് (ഹരിതം ബുക്സ്), മനോഹർ (പൂർണ), കെ. സന്ദീപ് (ഒലിവ്), ഹക്കീം (സെഡ് ബുക്സ്) എന്നിവരുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.
തുടക്കം മുതൽ മേളയുടെ നഗരിയിലേക്ക് ആളുകളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു. പുസ്തകങ്ങൾ രചയിതാക്കളിൽനിന്നുതന്നെ കൈയൊപ്പിട്ട് വാങ്ങാൻ എഴുത്തുകാരുടെ ആരാധകരും പുസ്തകപ്രേമികളും നാഗരിയിലെത്തി.
പ്രവാസി എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കമർബാനു വലിയകത്ത്, ജയ് എൻ.കെ എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനത്തിനും മേളനഗരി വേദിയായി. ആദ്യമായാണ് റിയാദ് പുസ്തകമേളയിൽ മലയാള പുസ്തകങ്ങളുടെ പ്രകാശനം.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം തുടക്കമിട്ട 'ബുക്ക് ബയിങ്' ചലഞ്ച് ഏറ്റെടുത്ത് സംഘടനകൾ പുസ്തകം വാങ്ങിക്കൂട്ടി. വീടുകളിലും ഓഫിസുകളിലും ലൈബ്രറികൾ ആരംഭിക്കാനും വൈകിയെങ്കിലും വായന തുടങ്ങാനും ഇത്തവണത്തെ പുസ്തകമേള ഉപകാരപ്പെട്ടെന്ന് മേളക്കെത്തിയവർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾകൊണ്ട് ശ്രദ്ധേയമായ മേള കൊടിയിറങ്ങുമ്പോൾ സൗദിയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെ എഴുത്തുകാരും വായനക്കാരും ആത്മസംതൃപ്തിയിലാണ്. വായനയും സംവാദങ്ങളും ചർച്ചകളുമായി 10 ദിവസം നീണ്ടുനിന്ന മേള രാജ്യത്തിന്റെ അക്ഷരചരിത്രത്തിൽ പുതിയ ഏട് എഴുതിച്ചേർത്താണ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.