റിയാദ്: അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ ഡിജിറ്റൽ ഫെസ്റ്റ് 2023 ഒക്ടോബർ 19ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സൈബർ സ്ക്വയറിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങ് ബോയ്സ് സെക്ഷൻ മാനേജർ സുൽത്താൻ തൗഹരി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് സംസാരിച്ചു. അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂൾ കമ്പ്യൂട്ടർ വിഭാഗം മേധാവി ഹസ്ലയുടെയും മറ്റ് അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ ഫെസ്റ്റ് വ്യത്യസ്തമായ നിരവധി മോഡലുകൾ കൊണ്ട് ശ്രദ്ധേയമായി.
വിദ്യാർഥികൾക്ക് അവരുടെ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ് എന്നിവ സമന്വയിപ്പിക്കുന്ന അറിവ്, സർഗാത്മകത, അന്വേഷണ കഴിവുകൾ എന്നിവ പ്രദർശിപ്പിക്കാനുള്ള വേദിയാവാൻ ഡിജിറ്റൽ ഫെസ്റ്റിന് കഴിഞ്ഞു. ഓരോ മോഡലുകളിലും പ്രോജക്ടുകളിലും വിദ്യാർഥികൾ ക്രിയാത്മകമായ പ്രക്രിയകളും അന്വേഷണ രീതികളും ഉപയോഗിച്ചു.
അനിമേഷൻ ഡോക്യുമെൻററി ഫിലിം, വെബ്സൈറ്റ്സ്, മൊബൈൽ ആപ്സ്, വിഷ്വൽ കോഡിങ്, ഗെയിംസ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നൂതനമായ നിരവധി മേഖലകളിലാണ് കുട്ടികൾ അവരുടെ കഴിവുകൾ കാഴ്ചവെച്ചത്. ശാസ്ത്രത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും രസകരവും സമ്പുഷ്ടവുമായ അനുഭവത്തിന്റെ പൂർണതയായിരുന്നു ഡിജിറ്റൽ ഫെസ്റ്റിലൂടെ കുട്ടികൾക്കും അധ്യാപകർക്കും ലഭിച്ചത്.
ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി സ്വാഗതവും ഹെഡ്മിസ്ട്രസ് സംഗീത അനൂപ് നന്ദിയും പറഞ്ഞു. സ്കൂൾ അഡ്മിൻ മാനേജർ ഷനോജ് അബ്ദുല്ല, ഓഫിസ് സൂപ്രണ്ട് റഹീന ലത്തീഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.