അൽബാഹ: അൽബാഹ പട്ടണത്തിെൻറ ഹൃദയഭാഗം വികസിപ്പിക്കുന്ന പദ്ധതി മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ് സന്ദർശിച്ചു. 20 ദശലക്ഷം റിയാൽ ചെലവിൽ മേഖല മുനിസിപ്പാലിറ്റിയാണ് പട്ടണഹൃദയം മനോഹരമായ കാഴ്ചകളോടും സൗകര്യങ്ങളോടുംകൂടി വികസിപ്പിക്കുന്നത്. പദ്ധതിയുടെ കാലാവധി രണ്ടു വർഷമാണ്.
ഒന്നും രണ്ടും ഘട്ടങ്ങളിൽ നടപ്പാക്കിവരുന്ന പദ്ധതികൾ അൽബാഹ മേയർ ഡോ. അലി ബിൻ മുഹമ്മദ് സവാദ് ഗവർണർക്ക് വിശദീകരിച്ചുകൊടുത്തു. കിങ് അബ്ദുൽ അസീസ് റോഡാണ് ഗ്രാനൈറ്റുകൊണ്ട് നടപ്പാത ഒരുക്കിയും 300 മരങ്ങളും അലങ്കാരച്ചെടികളും വെച്ചുപിടിപ്പിച്ചും വികസിപ്പിക്കുന്നത്. വിശാലമായ വാഹന പാർക്കിങ്, തണൽ കുടകൾ, ഒത്തുചേരാനുള്ള സ്ഥലങ്ങൾ, ജലധാരകൾ, കഫേകൾ, ഗ്രാനൈറ്റ് കസേരകൾ, തണൽ പന്തലിട്ട നടപ്പാതകൾ, അലങ്കാര തൂണുകൾ, തട്ടുകടകൾക്കായി പ്രത്യേക സ്ഥലങ്ങൾ എന്നിവയും പദ്ധതിയിലുൾപ്പെടും.
അൽബാഹ പട്ടണത്തിെൻറ ഹൃദയഭാഗം മോടികൂട്ടുന്നതിെൻറ ഭാഗമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ പറഞ്ഞു. സ്ഥലത്തെ വാണിജ്യ മുന്നേറ്റത്തിനുണ്ടാകുന്ന തടസ്സങ്ങൾ നീക്കി വേണ്ട എല്ലാ സേവനങ്ങളും ഒരുക്കുകയാണ് പട്ടണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മേയർ പറഞ്ഞു.അൽബാഹയിലുള്ളവർക്കും സന്ദർശകർക്കും വിനോദസഞ്ചാര കേന്ദ്രമായി ഇതിനെ കണക്കാക്കും. മേഖലയിൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ ഗവൺമെൻറ് വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളെ ഗവർണർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.