റിയാദ്: അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂനിവേഴ്സിറ്റിയില്‍ ഫുള്ളി ഫണ്ടഡ് ഫെലോഷിപ് നേടി റിയാദിൽനിന്നുള്ള മലയാളി വിദ്യാർഥി. റിയാദിലെ അലിഫ് സ്കൂൾ പൂർവ വിദ്യാർഥിയും മലപ്പുറം കടക്കാട്ടുപാറ സ്വദേശികളായ അബ്ദുറഹ്മാന് സഖാഫി-സൈനബ ദമ്പതികളുടെ മകനുമായ എം. അബ്ദുല്‍ ഫത്താഹിനാണ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മുസ്ലിം കൾചേഴ്സ് പ്രോഗ്രാം ചെയ്യാൻ അവസരം ലഭിച്ചത്.
ട്യൂഷൻ ഫീ, ഹെൽത്ത് ഇൻഷുറൻസ്, ലിവിങ് സ്റ്റൈപൻഡ്, സമ്മർ ലാംഗ്വേജ് ഇൻസ്ട്രക്ഷൻ എന്നിവ അടങ്ങിയതാണ് ഫെലോഷിപ്. ന്യൂയോർക്കിലും ലണ്ടനിലും ഓരോ വർഷം ചെലവഴിക്കുന്ന രീതിയിലാണ് പ്രോഗ്രാം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര വിദ്യാർഥിയാണ് നിലവിൽ അബ്ദുല്‍ ഫത്താഹ്.
ജാമിഅ മദീനത്തുന്നൂറില്നിന്ന് ബാച്ചിലേഴ്സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസും കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്ന് ബി.എ ഇംഗ്ലീഷും കരസ്ഥമാക്കിയതിന് പുറമെ ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
പഠന പാഠ്യേതര മേഖലയിൽ മികവ് പുലർത്തി ശ്രദ്ധേയനായ ഫത്താഹ് അലിഫ് സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥിയാണ്. മികച്ച നേട്ടം കൈവരിച്ച ഫത്താഹിനെ സ്കൂൾസ് ഡയറക്ടർ ലുഖ്മാൻ അഹമ്മദ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.