ജിദ്ദ: കുഴൽക്കിണറിൽ വീണ് ഇന്ത്യക്കാരൻ മരിച്ചു. മദീനയിലെ സുവൈദറക്ക് വടക്ക് ദസീറിലെ ഒരു ഇസ്തിറാഹയിലാണ് സംഭവം. 140 മീറ്റർ ആഴവും 35 സെൻറിമീറ്റർ വ്യാസവുമുള്ള കുഴൽക്കിണറിൽ കിടന്ന മൃതദേഹം ഏറെ ശ്രമങ്ങൾക്കൊടുവിൽ സിവിൽ ഡിഫൻസ് പുറത്തെടുത്തു. ഒരാൾ കുഴൽക്കിണറിൽ വീണെന്ന് വിവരം കിട്ടിയ ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് മദീന സിവിൽ ഡിഫൻസ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.
മദീന സിവിൽ ഡിഫൻസ് ടീം കുഴൽക്കിണറിൽ വീണ ആളെ രക്ഷപ്പെടുത്താൻ നടത്തുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കിണറ്റിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ഫീൽഡ് കമാൻഡ് സെൻറർ, അത്യാധുനിക ഉപകരണങ്ങൾ എന്നിവയുൾപ്പടെ സർവ സജ്ജീകരണങ്ങളും ഒരുക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് മേഖല സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. കിണറിൽ വീണ ആളുടെ ആരോഗ്യസ്ഥിതി നിരന്തരം നിരീക്ഷിക്കാൻ പ്രത്യേക കാമറ ഉപയോഗിക്കുകയും ജീവൻരക്ഷക്കായി ഒാക്സിജൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രയാസകരമായ ഭൂപ്രദേശമായിട്ടും ഒരു സമാന്തര കിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. 27 മണിക്കൂറോളം നീണ്ട പ്രവർത്തനമാണ് നടത്തിയത്. എല്ലാരീതിയിലുമുള്ള പരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഇന്ത്യാക്കാരനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.