റിയാദ്: ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ആഗോള സഖ്യത്തിന്റെ ആദ്യ ഉന്നതതല യോഗത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് സൗദി മൾട്ടിലേറ്ററൽ ഇന്റർനാഷനൽ അഫയേഴ്സ് അണ്ടർ സെക്രട്ടറിയും പബ്ലിക് ഡിപ്ലോമാറ്റിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുറഹ്മാൻ അൽ റസ്സി പറഞ്ഞു.
തുടർച്ചയായ ഇസ്രായേൽ ആക്രമണം, മേഖലയേയും ആളുകളെയും ബാധിക്കുന്ന ഇസ്രായേലി യുദ്ധയന്ത്രം സൃഷ്ടിച്ച നാശം, അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാനുള്ള ഇസ്രായേലിന്റെ ധൈര്യം എന്നിവയുടെ ഫലമായി ഫലസ്തീൻ ജനത സാക്ഷ്യം വഹിക്കുന്ന ദുരിതങ്ങളുടെയും ഇസ്രായേൽ ആക്രമണം തടയാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയുടെയും വെളിച്ചത്തിലാണ് ഈ യോഗം നടക്കുന്നത്.
ഇതോടൊപ്പം യു.എൻ സെക്യൂരിറ്റി കൗൺസിൽ അതിന്റെ ചരിത്രപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും ഫലസ്തീൻ ജനതയുടെ സ്വയം നിർണയത്തിനുള്ള ധാർമികവും നിയമപരവുമായ അവകാശത്തിനുവേണ്ടി നിലകൊള്ളുന്നതിലെ പരാജയവും യോഗത്തിന് നിമിത്തമായിട്ടുണ്ട്.
സമഗ്രമായ സമാധാനം കൊണ്ടുവരുന്നതിനും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയുന്നതിനും ഗൗരവത്തിലുള്ള ഒരു പ്രക്രിയ ആരംഭിക്കുന്നതിനും വേണ്ടിയാണിതെന്നും അൽ റസ്സി പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ സമാധാനം കൈവരിക്കാനും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള യോഗത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളുടെയും നിയമങ്ങളുടെയും സമാധാന പ്രക്രിയയുടെയും 2002ലെ അറബ് സമാധാന സംരംഭത്തിന്റെ നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ യോഗം.
എട്ട് പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾക്ക് അറുതിയുണ്ടാവണം. 1967ലെ അതിർത്തികളിൽ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിൽ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും അവർക്ക് ജീവിക്കാൻ കഴിയുന്ന ഒരു സാഹചര്യമുണ്ടാവണം.
അതിനുവേണ്ടിയാണ് ഈ സഖ്യം. സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ഈ സഖ്യത്തിൽ ചേരണമെന്ന ആഹ്വാനം സൗദി ആവർത്തിക്കുന്നു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നിരവധി സൗഹൃദ രാജ്യങ്ങളുടെ സമീപകാല തീരുമാനങ്ങളെ അഭിനന്ദിക്കുന്നു.
ഫലസ്തീൻ അവകാശങ്ങളെ പിന്തുണക്കാനും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കാനും സമാധാനവും സ്ഥാപിക്കാനുമുള്ള നടപടികളെ ത്വരിതപ്പെടുത്താനുള്ള തീരുമാനം വേഗത്തിൽ സ്വീകരിക്കാൻ ബാക്കി രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. യു.എൻ ഏജൻസികൾക്കും ദുരിതാശ്വാസ സംഘടനകൾക്കും നേരെയുള്ള ഇസ്രായേലിന്റെ ആസൂത്രിതമായ രാഷ്ട്രീയ-സൈനിക നീക്കം സൗദി നിരസിക്കുന്നതായി അൽറസ്സി പറഞ്ഞു.
റിയാദ് ആതിഥേയത്വം വഹിച്ച ആഗോള സഖ്യത്തിന്റെ രണ്ടുദിവസം നീണ്ട ആദ്യ യോഗം വ്യാഴാഴ്ച വൈകീട്ട് സമാപിച്ചു. സൗഹൃദ രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും മുതിർന്ന ഉദ്യോഗസ്ഥരടക്കം നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.