ജിദ്ദ: രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കുറഞ്ഞതും വികസനകാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം വർധിച്ചതും പ്രശംസാർഹമെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് വികസനപാതകളിൽ യുവതിയുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ തദ്ദേശീയരുടെ എണ്ണം കൂട്ടുന്നതിനും തൊഴിലില്ലായ്മനിരക്ക് കുറക്കുന്നതിനും വിവിധ വകുപ്പുകൾ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചത്.
‘വിഷൻ 2030’ മുന്നോട്ട്വെച്ച ലക്ഷ്യത്തിലേക്ക് തൊഴിലില്ലായ്മനിരക്ക് കുറഞ്ഞെന്ന് യോഗം വിലയിരുത്തി. ഏഴ് ശതമാനമാണ് നിശ്ചയിച്ച പരിധി. അതിലേക്ക് വളരെ വേഗം എത്താൻ കഴിഞ്ഞു. തദ്ദേശീയരായ പൗരന്മാരുടെ എണ്ണം വർധിച്ചു. രാജ്യത്തിന്റെ വികസനകാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം നല്ലനിലയിൽ ഉയർന്നു. മുന്നോട്ടുവെച്ചിട്ടുള്ള വികസന കാഴ്ചപ്പാടിന് അനുസൃതമാണ് ഈ വളർച്ച സൂചികയെന്നും വിലയിരുത്തലുണ്ടായി.
സൗദിയും മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും തമ്മിൽ സൗഹൃദബന്ധത്തിന്റെ ചട്ടക്കൂടിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളുടെയും യോഗങ്ങളുടെയും ഉള്ളടക്കത്തെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.
പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്ത്രിസഭ വിലയിരുത്തി. ഗസ്സയിലും ചുറ്റുപാടുകളിലും ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിനും നീതിപൂർവകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനും ലോകതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ ഫലസ്തീൻ ജനതയെ പ്രാപ്തരാക്കുന്നതിനും ശക്തമായ ശ്രമങ്ങൾ ഉണ്ടാകണം.
അതിന്റെ പ്രാധാന്യം യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് യോഗങ്ങളിൽ പങ്കെടുക്കാൻ ചെന്നപ്പോൾ സൗദി അറേബ്യക്ക് ശക്തമായി ഉന്നയിക്കാനായെന്നും ബന്ധപ്പെട്ട മന്ത്രിമാർ യോഗത്തിൽ വ്യക്തമാക്കി.
പ്രാദേശിക കാര്യങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, പൗരന്മാർക്കും വിദേശ താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം, വാഗ്ദാന മേഖലകൾ, വാർത്തവിനിമയ സാങ്കേതികവിദ്യകൾ, നിക്ഷേപം ആകർഷിക്കൽ, ദേശീയ വ്യവസായങ്ങളെ ഉത്തേജിപ്പിക്കൽ എന്നിവയുൾപ്പെടെ വർത്തമാനകാലത്തെ വികസിപ്പിക്കാനും ഭാവിയിലേക്ക് തയാറെടുക്കാനും നടപ്പാക്കുന്ന മൊത്തത്തിലുള്ള പരിപാടികളും സംരംഭങ്ങളും മന്ത്രിസഭ ചർച്ച ചെയ്തതായി യോഗത്തിനുശേഷം വാർത്തവിതരണ മന്ത്രി സൽമാൻ ബിൻ യൂസഫ് അൽ ദോസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.