ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അബോധാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ഒരു വർഷത്തിലേറെ ചികിത്സയിൽ കഴിഞ്ഞ തൃശൂർ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടിൽ രാജേഷിനെ (29) തുടർചികിത്സക്കായി നാട്ടിലെത്തിച്ചു.
കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ ശ്രമഫലമായാണ് വ്യാഴാഴ്ച രാവിലെ 10ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ദമ്മാമിലെ മെഡിക്കൽ സർവിസ് വിഭാഗമായ ആർ.പി.എം നഴ്സിങ്ങിന്റെ കോഓഡിനേറ്റർ വി. ബിനീഷ്, മെഡിക്കൽ ഓഫിസർ ഡോ. സംജിത്ത് എന്നിവരുടെ സഹായത്തോടെ വെന്റിലേറ്റർ സൗകര്യത്തിൽ വിമാനത്തിൽ കൊണ്ടുപോയ രാജേഷിനെ കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യ മീഡിയവിങ് കൺവീനർ സിറാജ് ആലുവ, തൃശൂർ ജില്ല കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുറഹീം, പ്രസിഡന്റ് ഷെഫീർ അച്ചു, മുൻ പ്രസിഡന്റ് റാഫി അണ്ടത്തോട്, സെക്രട്ടറി ഫൈസൽ കരീം എന്നിവരും രാജേഷിന്റെ പിതാവ് രാജൻ, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ, സഹോദരീഭർത്താക്കന്മാരായ സതീഷ്, രാജേഷ്, പേരക്കുട്ടി ആദിലക്ഷ്മി എന്നിവർ ചേർന്ന് സ്വീകരിച്ചു.
2021 ജൂൺ ഒന്നിന് സൗദി-കുവൈത്ത് അതിർത്തിയിലെ ഹഫർ അൽബാത്വിനിൽവെച്ചാണ് അപകടമുണ്ടായത്. രാജേഷിന്റെ വാഹനം ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് അബോധാവസ്ഥയിലായി.
സൗദി കിഴക്കൻ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നൽകിയെങ്കിലും പൂർവസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിക്കുകയായിരുന്നു.
സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി, അൽഖോബാർ സെൻട്രൽ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ മുഹമ്മദ്കുട്ടി കോടൂർ, ഇക്ബാൽ ആനമങ്ങാട്, മഹ്മൂദ് പൂക്കാട്, സിദ്ദീഖ് പാണ്ടികശാല, ഇന്ത്യൻ എംബസി അധികാരപ്പെടുത്തിയ ഹുസൈൻ ഹംസ നിലമ്പൂർ, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ നടത്തിയ സമയബന്ധിതമായ ഇടപെടലിലൂടെയാണ് 14 ലക്ഷം രൂപയോളം ചെലവ് ചെയ്ത് രാജേഷിനെ നാട്ടിലെത്തിക്കാനായത്. വിമാനത്താവളത്തിൽനിന്ന് ആംബുലൻസിൽ എറണാകുളം അമൃത മെഡിക്കൽ കോളജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വിദഗ്ധ പരിശോധനക്കുശേഷം തുടർചികിത്സക്കായി ന്യൂറോ വിഭാഗത്തിലേക്കു മാറ്റുമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. രാജേഷിന് വിമാന ടിക്കറ്റ് നൽകിയ ഇന്ത്യൻ എംബസി, അർപ്പണമനസ്സോടെ സഹകരിച്ച സൗദി കെ.എം.സി.സി എന്നിവരോട് രാജേഷിന്റെ കുടുംബം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.