ജിദ്ദ: ഹിന്ദുത്വ ഫാഷിസം, സവർണ മേൽക്കോയ്മ, കോർപറേറ്റ് വാഴ്ച, ഭരണകൂട ഭീകരത, ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങൾ എന്നിവയുടെ ഇരകളെ ചേർത്തുപിടിച്ച് ശക്തമായ രാഷ്ട്രീയചേരി കെട്ടിപ്പടുക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മേധാവിത്വം പ്രഖ്യാപിക്കും വിധമുള്ള ചടങ്ങുകൾ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടിയിൽ വരെ കണ്ടു. ഇത്തരം നടപടികൾക്കെതിരെ പ്രതിപക്ഷ ഐക്യം പ്രതീക്ഷ നൽകുന്നതാണ്. കർണാടക തെരഞ്ഞടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്തു പകരുന്നതാണ്.
ഹിന്ദുത്വ ഫാഷിസം, കോർപറേറ്റ് ആധിപത്യം, വംശീയ മേധാവിത്വം, സവർണ മേൽക്കോയ്മ, ഭരണകൂട ഭീകരത, ജനവിരുദ്ധ ഭരണ സമീപനം എന്നിവക്കെതിരായ നവ ജനാധിപത്യത്തിൽ അടിയുറച്ച ജനപക്ഷ രാഷ്ട്രീയ ചേരി രൂപപ്പെടുത്തിയാൽ മാത്രമേ ഇത്തരം ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ. ഇതിനാവശ്യമായ കർമപദ്ധതിക്ക് വെൽഫെയർ പാർട്ടി രൂപം നൽകിയിട്ടുണ്ടെന്നും റസാഖ് പാലേരി പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ ജനവിരുദ്ധ സർക്കാറായി മാറിയിരിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾക്കും പദ്ധതികൾക്കും എതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി എല്ലാകാലത്തും നിലയുറപ്പിച്ചിട്ടുണ്ട്.
സാമൂഹികനീതി പുലരുന്ന സമൂഹം കെട്ടിപ്പടുക്കാൻ വേണ്ടിയാണ് വെൽഫെയർ പാർട്ടി നിലകൊള്ളുന്നത്. ആ കടമ കൂടുതൽ കരുത്തോടെ നിർവഹിക്കാൻ കഴിയുന്ന നിർണായക രാഷ്ട്രീയ ശക്തിയായി വെൽഫെയർ പാർട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും റസാഖ് പാലേരി പറഞ്ഞു.
പ്രവാസി വെൽഫെയർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഉമർ പാലോട്, വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.