അറബ് വായനക്കാർക്ക് ഇന്ത്യൻ ഇതിഹാസങ്ങളോടും പ്രിയം

റിയാദ്: ഇന്ത്യൻ ഇതിഹാസങ്ങളോടും അറബ് വായനക്കാർക്ക് പ്രിയം. റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രാമായണം, മഹാഭാരതം, പഞ്ചതന്ത്രം കഥകൾ, ചരിത്ര പുസ്തകങ്ങൾ തുടങ്ങിയവയുടെ ഇംഗ്ലീഷ് പതിപ്പുകൾ തേടി സൗദികൾ ഉൾപ്പെടെയുള്ള വായനക്കാർ എത്തുന്നതായി മേളയിലെ ഇന്ത്യൻ പ്രസാധകർ പറയുന്നു. ലോക ക്ലാസിക്കുകളിൽപെട്ട ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പരിഭാഷകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഗാന്ധിജിയുടെ ആത്മകഥയും വാത്സ്യായനന്റെ കാമസൂത്രയും നെഹ്റുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ പോലുള്ള പുസ്തകങ്ങളും തേടിയാണ് യുവ തലമുറ കൂടുതലായി എത്തുന്നത്.

ഇന്ത്യയുടെ വിവിധ സംസ്കാരങ്ങളും ഭക്ഷണ രുചികളും ചരിത്രസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സംബന്ധിച്ചുള്ള പുസ്തകങ്ങളും ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ചേതൻ ഭഗതിന്റെ എല്ലാ പുസ്തകങ്ങൾക്കും ആവശ്യക്കാർ ഏറെയുണ്ട്. അമിഷ് ത്രിപാഠിയുടെ 'ദ ഇമ്മോർട്ടൽസ്‌ ഓഫ് മെലൂഹ', ദീപ അഗർവാളിന്റെ 'മഹാഭാരത സ്റ്റോറീസ്' എന്നീ പുസ്തകങ്ങളും വിറ്റൊഴിയുന്നുണ്ട്. സ്ത്രീകളാണ് കൂടുതലും വരുന്നതെന്നും പലരും പുതുതായി വായന തുടങ്ങുകയാണെന്നും മലയാളി പ്രസാധകരുടെ സ്റ്റാളുകളിലുള്ളവർ പറയുന്നു. അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് സൗദി പൗരന്മാരിൽനിന്നും മറ്റ് അറബ് രാജ്യക്കാരിൽനിന്നും ഉണ്ടാവുന്നതെന്നും പ്രസാധകർ പറയുന്നു.

അടുത്ത തവണ അറബിയിലേക്ക് മൊഴിമാറ്റി ഇന്ത്യൻ ക്ലാസിക്കുകളും മറ്റ് പ്രധാന പുസ്തകങ്ങളും കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ഡി.സി ബുക്സ് സി.ഇ.ഒ രവി ഡിസിയും ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ടും പറഞ്ഞു. തങ്ങളുടെ സ്റ്റാളിൽനിന്ന് പഞ്ചതന്ത്രം കഥകളുടെയും രാമായണം, മഹാഭാരതം എന്നിവയുടെയും കുട്ടികൾക്ക് വേണ്ടി തയാറാക്കിയ ഇംഗ്ലീഷ് മൊഴിമാറ്റ പുസ്തകങ്ങൾ നിരവധി സൗദി കുടുംബങ്ങൾ വാങ്ങിക്കൊണ്ടുപോയെന്നും രവി ഡിസി പറഞ്ഞു. എസ്. ഹരീഷിന്റെ 'മീശ', കിങ് ജോൺസിന്റെ 'ചട്ടമ്പിശാസ്ത്രം', കെ.ആർ. മീരയുടെ 'ആരാച്ചാർ', ജയ് എന്‍.കെയുടെ 'റോയല്‍ മാസെക്കര്‍', എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു തെരുവിന്റെ കഥ', ശ്രീധരൻ മേനോൻ രചിച്ച 'ഇന്ത്യൻ ഹിസ്റ്ററി', യോഗാചാര്യ ഗോവിന്ദന്റെ 'കംപ്ലീറ്റ് യോഗ ബുക്ക്' എന്നീ പുസ്തകങ്ങൾ അറബിയിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു.

ശനിയാഴ്ച രാത്രിയോടെ അവസാനിക്കുന്ന പുസ്തകമേളയിലേക്ക് ഒഴുക്ക് തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ എഴുത്തുകാരും പ്രസാധകരും വിതരണക്കാരും സംഗമിക്കുന്ന മേളയിലേക്ക് സൗദിയുടെ വിവിധ പ്രവിശ്യകളിലെ യൂനിവേഴ്സിറ്റികളിൽനിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും കുട്ടികളും അധ്യാപകരും എത്തുന്നുണ്ട്. കല, വായന, എഴുത്ത്, പ്രസിദ്ധീകരണം, പുസ്തകനിർമാണം, വിവർത്തനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഡയലോഗ് പ്ലാറ്റ്‌ഫോമുകൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, ശിൽപശാലകൾ തുടങ്ങിയ വേദികളിലെല്ലാം ആളുകളുടെ സജീവപങ്കാളിത്തമാണുള്ളത്. മലയാളികൾ ഇത്രയേറെ സന്ദർശിച്ച പുസ്തകമേള ഇതിന് മുമ്പ് സൗദിയിൽ ഉണ്ടായിട്ടില്ല എന്നതും ഈ മേളയുടെ സവിശേഷതയാണ്.

Tags:    
News Summary - Arab readers also love Indian epics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.