റിയാദ്: വെള്ളിയാഴ്ച റിയാദ് സ്പോർട്സ് അക്കാദമി (തർബിയ) ഇൻഡോർ സ്റ്റേഡിയത്തിൽ ‘ഗൾഫ് മാധ്യമം’ അറബ്കോ കാർഗോയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അൽജസീറ എയർവേസ് ‘അറേബ്യൻ വോളി’യിൽ നാല് വനിത സംഘങ്ങളടക്കം 12 ടീമുകൾ മാറ്റുരക്കും. ഒരു വലയുടെ ഇരുപാർശ്വങ്ങളിലായി വായുനിറച്ച തുകൽ പന്തുമായി വായുവിൽ ശക്തി പരീക്ഷണം നടത്തുന്ന ആവേശക്കാഴ്ചക്ക് ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. നഗരമധ്യത്തിൽനിന്ന് വെറും 15 മിനിറ്റുകൊണ്ട് എത്തിച്ചേരാൻ കഴിയുന്ന ഈ സ്റ്റേഡിയം നസീം റയാൻ ഏരിയയിലാണ്.
വിശാലമായ പാർക്കിങ് സൗകര്യവും ഇരിപ്പിടവും ഭക്ഷണ സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം. ഉച്ചക്ക് ഒന്നിന് തുടങ്ങുന്ന മത്സരം രാത്രി ഒന്നിനായിരിക്കും അവസാനിക്കുക. റിയാദ്, ദമ്മാം, ജുബൈൽ മേഖലകളിൽ നിന്നുള്ള ടീമുകളാണ് കൊമ്പ് കോർക്കുന്നത്.
ടൂർണമെൻറിലെ ശക്തിദുർഗങ്ങളിലൊന്നാണ് റിയാദിലെ ‘അറബ്കോ’ ടീം. 30 വർഷത്തെ ചരിത്രവും മികച്ച കളിക്കാരുമടങ്ങിയ ടീം അറബ്കോ സൗദിയിലെ എല്ല പ്രമുഖ നഗരങ്ങളിലും യു.എ.ഇ, ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിലും കേരള, ചെന്നൈ ടീമുകൾക്കും ജഴ്സിയണിഞ്ഞ പ്രഗത്ഭരായ കളിക്കാരുമായിട്ടാണ് പ്രഥമ ഗൾഫ് മാധ്യമം ട്രോഫിക്ക് വേണ്ടി അറബ്കോ കളത്തിലിറങ്ങുന്നത്. തീ പാറുന്ന സ്മാഷുകളും വായുവിൽ ഉയർന്ന് പൊങ്ങുന്ന ബ്ലോക്കുകളും കളിയാവേശത്തെ വാനോളമുയർത്തും. നല്ലൊരു മത്സരം കാഴ്ച വെക്കാനാകുമെന്ന് അറബ്കോ സാരഥിയും റിയാദിലെ വോളിബാൾ ചരിത്രത്തിന് നാന്ദി കുറിച്ച അമരക്കാരിലൊരാളുമായ അറബ്കോ രാമചന്ദ്രൻ പറഞ്ഞു.
രണ്ടു പതിറ്റാണ്ട് കാലമായി ദമ്മാമിെൻറ പ്രവാസകായിക ഭൂപടത്തിൽ വേരുകളാഴ്ത്തി നിൽക്കുന്ന വോളിബാൾ ടീമാണ് ‘കാസ്ക്’. കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിെൻറ ഭാഗമാണിത്. കോവിഡ് കാലത്തെ ഇടവേള ഒഴിച്ചുനിർത്തിയാൽ 19 വർഷവും വോളിബാൾ ടൂർണമെൻറ് നടത്തി, ഈ കായികമേഖലയുടെ തനിമയും ആവേശവും കാത്തുസൂക്ഷിക്കുന്നവരാണ് കാസ്കോ.
റിയാദ്, ജിദ്ദ, ദമ്മാം, ജുബൈൽ തുടങ്ങി സൗദിയിലെ എല്ലാ നഗരങ്ങളിലും വ്യത്യസ്ത വേദികളിൽ ഏറ്റുമുട്ടിയ നൈപുണ്യത്തോടെയാണ് ഗൾഫ് മാധ്യമം, അറബ്കോ ട്രോഫിക്കായി തലസ്ഥാന നഗരിയിലേക്ക് വരുന്നതെന്ന് ക്യാപ്റ്റൻ ഹാരിസും ക്ലബ് പ്രസിഡൻറ് കുമാറും പറഞ്ഞു. റിയാദിൽനിന്നുള്ള ‘സ്റ്റാർ വോളിബാൾ ക്ലബ്’ ടീം നീണ്ട വർഷങ്ങളായി ഈ രംഗത്തുണ്ട്. ടൂർണമെൻറുകൾ സംഘടിപ്പിച്ചും കളിച്ചും സൗദിയിലെ പ്രവാസ കായിക രംഗത്ത് മുൻ നിരയിൽ നിൽക്കുന്ന ക്ലബ്ബുകളിലൊന്നാണ് ഇത്.
ബത്ഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടീം നിരന്തരം പരിശീലനവും നടത്തുന്നു. കഴിഞ്ഞ സീസണിൽ ദമ്മാമിൽ നടന്ന രണ്ട് മേജർ ടൂർണമെൻറിൽ ട്രോഫി നേടിയ ആത്മവിശ്വാസത്തോടെയാണ് ഇവിടെ മത്സരത്തിന് ഇറങ്ങുന്നതെന്ന് ടീം മാനേജർ ഷിബു പറഞ്ഞു. ജുബൈലിലും റിയാദിലെ ഇൻഡസ്ട്രിയൽ സിറ്റിയിലും ഈയിടെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്നും അദ്ദേഹം പറഞ്ഞു. സൗദി പാക് താരങ്ങൾ അണിനിരക്കുന്ന ശക്തമായ മറ്റൊരു ടീമാണ് ‘അൽ ഹംറ വോളിബാൾ ക്ലബ്’.
റിയാദിനകത്തും പുറത്തും നിരവധി മത്സരങ്ങൾ കളിച്ച പരിചയ സമ്പന്നരായ താരങ്ങളാണ് ടീമിലുള്ളതെന്ന് ക്യാപ്റ്റൻ മലിക് സെയ്ദ് പറഞ്ഞു. ടൂർണമെൻറിെൻറ ഫിക്ചർ ബുധനാഴ്ച പുറത്തിറങ്ങുമെന്ന് സംഘാടകരിലൊരാളായ ഷബീർ അറബ്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.