ജിദ്ദ: മക്ക നഗരവീഥികളെ ആകർഷകമാക്കാൻ ഇരുവശങ്ങളിലെയും ചുവരുകളിൽ അറബി കാലിഗ്രഫിയുടെ വർണശബളിമ. മക്ക മുനിസിപ്പാലിറ്റിയാണ് അറബി അക്ഷര കലാവേലയുടെ കടുംനിറങ്ങളാൽ ചുവരുകളെ മനോഹരമാക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. വിവിധ രൂപങ്ങളും ശൈലികളുമുള്ള ചുവർചിത്രങ്ങൾ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഹറമിലേക്കുള്ള മഹ്ബാസ് അൽജിന്നിലെ കിങ് അബ്ദുൽ അസീസ് റോഡിന്റെ വശങ്ങളിലെ ചുവരുകളിലാണ് ആദ്യഘട്ടത്തിൽ അലങ്കാരപ്പണി പൂർത്തിയാക്കിയത്. ലോകത്തിലെ നീളമേറിയ അക്ഷരച്ചുവരായി മാറിയിരിക്കുകയാണ് ഇത്. മറ്റു പ്രധാന റോഡുകളിലെ ചുവരുകളിലെ കാലിഗ്രഫി ജോലികൾ പുരോഗമിക്കുകയാണ്.
നഗരം സൗന്ദര്യവത്കരിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതിയുമായി മുനിസിപ്പാലിറ്റി മുന്നോട്ടുപോകുന്നത്. അറബ്, ഇസ്ലാമിക നാഗരികതയുടെ പ്രധാനപ്പെട്ട കലാരൂപമാണ് അറബി കാലിഗ്രഫി. അതിനെ തനിമ നഷ്ടപ്പെടാതെ നിലനിർത്തുകയും ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.
നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിൽ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽനിന്നുള്ള ഡിസൈൻ ആൻഡ് ആർട്സ് കോളജിലെ വിഷ്വൽ ആർട്സ് വിഭാഗത്തിൽനിന്നുള്ള ഒരു സംഘം പങ്കാളികൾ ചുവരുകൾ അലങ്കരിക്കുന്ന പ്രവർത്തനങ്ങൾക്കു പിന്നിലുണ്ട്. സമൂഹത്തിന്റെ പൈതൃകവും അവരുടെ ആശയങ്ങളും യുഗങ്ങൾ നീളുന്ന അവരുടെ ചരിത്രവും ഉൾക്കൊള്ളുന്നതാണ് ഈ ചുവരുകൾ.
ജനങ്ങളുടെ സാംസ്കാരികവും സാമൂഹികവുമായ ജീവിതം പ്രതിഫലിപ്പിക്കുന്നു. സാംസ്കാരിക സന്ദേശം പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യരൂപംകൂടിയാണ്. കണ്ണുകളെ ആകർഷിക്കുന്ന സൗന്ദര്യാത്മക സന്ദേശവുമാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.