തങ്ങൾ നടത്തിയ ഒരു പ്രസംഗം കേൾക്കാനിടയായി. രാജ്യത്തെ ഭൂരിപക്ഷം ആളുകൾ ആരാധിക്കുന്ന, ആഗ്രഹിക്കുന്ന ശ്രീരാമകൃഷ്ണ ക്ഷേത്രവും ബാബരി മസ്ജിദ് നിലനിന്നിരുന്നതിനും ദൂരെ ഇനി നിർമിക്കാൻ പോകുന്ന പള്ളിയും ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമാണെന്ന പ്രസംഗം.
എല്ലാ പള്ളികളും ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും മതേതരത്വത്തിന്റെ പ്രതീകങ്ങൾ തന്നെയാണ്. പക്ഷേ ആറരനൂറ്റാണ്ട് മുസ്ലിം ജനത ആരാധിച്ച ബാബരി മസ്ജിദ് പൂട്ടിയിടപ്പെട്ട് തർക്ക ഭൂമിയാവുകയും പിന്നീട് കേസ് നടന്നുകൊണ്ടിരിക്കുമ്പോൾ അത് കർസേവ നടത്തി പൊളിച്ച ശേഷം ഇന്നും മുസ്ലിം ജനത മനോവേദനയോടെ ഗ്യാൻവാപിയും മധുര ശാഹിയും ഉൾപ്പെടുന്ന മറ്റു പള്ളികളിൽ കടന്നുകയറ്റം നടത്തുന്നത് ഭയപ്പാടോടെയും നോക്കിക്കാണുന്ന സമയം തങ്ങൾ നടത്തിയ ഇത്തരം മതേതര പ്രസംഗം ആ സമുദായത്തിന്റെ നെഞ്ചിൽ കൂടുതൽ മുറിവേൽപ്പിക്കാനും ജനാധിപത്യ പ്രതിഷേധങ്ങളുമായി സമുദായം ഒരുമിച്ചുനിൽക്കേണ്ട സമയത്ത് ഒരു വലിയ മുസ്ലിം വിഭാഗത്തിന്റെ തലവനായ തങ്ങളുടെ ഈ നിലപാട് പറച്ചിൽ അത്തരം കൂട്ടായ്മയിൽ പോലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ കാരണമാവും എന്നത് തങ്ങൾ കാണാതെ പോയോ? ബാബരി മസ്ജിദ് പൊളിച്ചു അവിടെ നിർമിക്കപ്പെട്ട ക്ഷേത്രം ഭൂരിപക്ഷസമുദായത്തിന്റെ ആവശ്യമാവുന്നതും മതേതര ധ്വംസനത്തിന്റെ പ്രതീകമാവുന്നതിന് പകരം മതേതരത്വത്തിന്റെ പ്രതീകമാവുന്നത് എങ്ങനെയാണ്?
ശ്രീരാമക്ഷേത്രം രാമഭക്തർക്ക് ന്യായമായ ആവശ്യം തന്നെയാവാം. പക്ഷേ അത് നൂറ്റാണ്ടുകൾ പള്ളിയായി ആരാധിച്ച ഒരു സ്ഥലത്ത് അത് പൊളിച്ചു തന്നെവേണം എന്നത് ആവശ്യമല്ല. അനാവശ്യമല്ലേ? ഈ ധ്വംസനത്തെയല്ലേ അങ്ങ് ഉൾപ്പെടുന്ന മുസ്ലിം സമൂഹവും വർഗീയമായി ചിന്തിക്കാത്ത ഹിന്ദുമത വിശ്വാസികളും ഉൾപ്പെടുന്ന മതമുള്ളവനും മതമില്ലാത്തവനും എല്ലാം വർഷങ്ങളായി മതേതര ഇന്ത്യയിൽ തള്ളിപ്പറഞ്ഞത്?
ഇത്തരം നിലപാടുകൾ ഫാഷിസ്റ്റുകളുടെ കർസേവ പ്രവർത്തനങ്ങൾക്ക് കൂടുതൽ തീവ്രത കൂട്ടുവാനും തങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സമാധാനത്തിന്റെ പൂത്തിരി കത്തിയ മതേതര കേരളത്തിൽ വേദനയോടെ കഴിയുന്ന വലിയ ഒരു സമുദായത്തെ കൊഞ്ഞനംകുത്തലും ഈ സമീപനം ഒരു ജനതയുടെ മൗലികാവകാശങ്ങളെ ബലി കൊടുക്കലുമാണ്. മാത്രവുമല്ല വലിയ അപകടം ഒളിഞ്ഞുകിടക്കുന്നുണ്ട്.
അതായത് ഇങ്ങനെ ഇനിയും സംഭവിച്ചാൽ അതൊക്കെയും നാം അംഗീകരിച്ചു കൊടുക്കണം എന്നല്ലേ ഇതിലൂടെ തങ്ങൾ ശരിവെച്ചു കൊടുക്കുന്നത്? ഒരുപക്ഷേ വിവിധ സംഘ്പരിവാർ സംഘടനകളുടെ മതേതര ഗുഡ് സർട്ടിഫിക്കറ്റും കൈയടിയും ജന്മഭൂമിയിൽ ഫുൾ പേജ് പ്രശംസ ലേഖനവും ഇത്തരം ഏകപക്ഷീയമായ മതേതര നിലപാട് കൊണ്ട്, അടുത്ത ഭാരതരത്നയും വരെ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.