മ​ക്ക ഹ​റ​മി​ൽ ജോ​ലി​ചെ​യ്യു​ന്ന ശ്രീ​ല​ങ്ക​ൻ ദ​മ്പ​തി​ക​ൾ

ഇത് വെറുമൊരു ജോലിയല്ല; ഹറമിലെ സേവനത്തിൽ പതിറ്റാണ്ടു പിന്നിട്ട് അഷ്റഫും ഫാത്വിമയും

മക്ക: പതിറ്റാണ്ടു പിന്നിട്ട ആ ജോലി വെറുമൊരു ജോലിയല്ല ഇവർക്ക്. ശ്രീലങ്കൻ ദമ്പതികളായ അഷ്റഫും ഫാത്വിമയുമാണ് മക്ക ഹറമിലെത്തുന്ന തീർഥാടകർക്കുവേണ്ടി സേവനനിരതരായത്. ഇസ്‌ലാമിലെ വിശുദ്ധ ആരാധനാലയത്തിൽ ദീർഘകാലമായി സേവനം ചെയ്യാൻ കഴിഞ്ഞതിൽ സന്തുഷ്ടരാണ് ഇവർ. ഉപജീവനാർഥത്തിനൊപ്പം ദൈവപ്രീതി നേടാൻ സഹായിക്കുന്ന ജോലിക്ക് അവസരം ലഭിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നതായി ഇവർ പറയുന്നു.

17 വർഷം മുമ്പാണ് ഫാത്വിമ മക്കയിലെ പള്ളിയിൽ ജോലിക്കു വന്നത്. സ്ത്രീകളുടെ പ്രാർഥനസ്ഥലങ്ങളുടെയും അവിടെ വിരിച്ച പരവതാനികളുടെയും പരിപാലനമായിരുന്നു ജോലി. കുറച്ച് വർഷത്തിനുശേഷം ഹറം കാര്യാലയത്തിനു കീഴിലെ തൊഴിൽസേനയുടെ ഭാഗമാകാൻ ഭർത്താവ് അഷ്റഫിനെ കൊണ്ടുവന്നു. നാലു വർഷം ഹറമിൽ ജോലി ചെയ്തശേഷം കൊണ്ടുവരാൻ അനുവദിക്കണമെന്ന് ഹറം കാര്യാലയത്തോട് അഭ്യർഥിച്ചതായി ഫാത്വിമ പറഞ്ഞു. വൈകാതെ അപേക്ഷ അംഗീകരിച്ചു.

ഭർത്താവ് ഹറം ജോലിക്കാരനായി. ശ്രീലങ്കയിൽ ചില്ലറ ജോലികളിൽ വ്യാപൃതനായിരുന്ന ഭർത്താവിന് തുടക്കത്തിൽ സ്വന്തം രാജ്യം വിട്ടുവരാൻ മടിയുണ്ടായിരുന്നു. ഫാത്വിമയുടെ നിരന്തര പ്രേരണയിൽ മനസ്സ് മാറി. ഇപ്പോൾ ഹറമിൽ ജോലി ചെയ്യുന്നതിനും തീർഥാടകരെയും വിശ്വാസികളെയും സേവിക്കുന്നതിനും അനുഗ്രഹം ലഭിച്ചതിൽ സന്തുഷ്ടനാണ് ഭർത്താവെന്ന് ഫാത്വിമ പറയുന്നു.

ഹറമിൽ ജോലി ചെയ്യുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ഫാത്വിമയും താനും ഒരേ ഷിഫ്റ്റിൽ ജോലി ചെയ്യുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നതായും അഷ്റഫ് പറയുന്നു. തങ്ങൾക്ക് ആഴ്ചതോറും ഉംറ നിർവഹിക്കാൻ കഴിയുന്നു. ഹറമിലെ ജോലി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചതായി അദ്ദേഹം പറഞ്ഞു. ഹറമിലെ 12,000 ജീവനക്കാരിലാണ് ഈ ദമ്പതികൾ ഉൾപ്പെടുന്നത്.

അ​ൽ​ഹ​റ​മൈ​ൻ അ​തി​വേ​ഗ ട്രെ​യി​ൻ സർവീസ്

അൽഹറമൈൻ ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ്

ജിദ്ദ: റമദാനിൽ അൽഹറമൈൻ അതിവേഗ ട്രെയിനിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനിൽനിന്നു മക്കയിലേക്കും തിരിച്ചും ഇക്കണോമിക് സീറ്റ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്. 69 റിയാലാണ് ഇരു സ്റ്റേഷനുകൾക്കിടയിലെ നിരക്ക്. റമദാൻ തീരുന്നതുവരെ ഇതിൽ പകുതി നൽകിയാൽ മതി. മേയ് ഒന്നു വരെ ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുമെന്ന് അൽഹറമൈൻ ട്രെയിൻ അധികൃതർ അറിയിച്ചു. മക്ക റെയിൽവേ സ്റ്റേഷനിൽനിന്ന് മസ്ജിദുൽ ഹറാമിലേക്ക് ബസുകൾ സർവിസ് നടത്തുന്നുണ്ട്.

ഇതുമുഖേന ഹറമൈൻ റെയിൽവേ വഴി പുണ്യഭൂമിയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സഞ്ചാരം എളുപ്പമാക്കി. മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പായി യാത്രക്കാർക്ക് ഇഫ്താർ ഭക്ഷണവും ഹറമൈൻ റെയിൽവേ വിതരണം ചെയ്യുന്നുണ്ട്. സൗദി റെയിൽവേ റമദാനിൽ പ്രതിദിനം 50 ട്രിപ് നടത്തുകയാണ്. റമദാൻ തുടങ്ങിയശേഷം ഇതുവരെ 6,25,000 ആളുകൾ യാത്ര ചെയ്തു. 35 ശതമാനനം വർധിച്ചതായി അധികൃതർ അറിയിച്ചു. 

ഇ​ഫ്​​താ​ർ വി​ഭ​വ​വി​ത​ര​ണ സം​വി​ധാ​നം ഹ​ജ്ജ്-​ഉം​റ സ​ഹ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​മു​ശാ​ത്​ പ​രി​ശോ​ധി​ക്കു​ന്നു

ഇഫ്താർ വിഭവവിതരണ സംവിധാനം പരിശോധിച്ചു

മക്ക: ഹദിയത്തുൽ ഹജ്ജ്-ഉംറ സൊസൈറ്റിക്കു കീഴിലെ ഇഫ്താർ വിഭവവിതരണ സംവിധാനം ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽമുശാത് പരിശോധിച്ചു. ഹറം മുറ്റങ്ങളിൽ സൊസൈറ്റിക്കു കീഴിലെ ഇഫ്താർ വിതരണം മന്ത്രി നേരിൽകണ്ടു വിലയിരുത്തി. റമദാനിൽ എട്ടു ലക്ഷം ഇഫ്താർ പാക്കറ്റുകളാണ് സൊസൈറ്റിക്കു കീഴിൽ ഹറമിൽ വിതരണം ചെയ്യുന്നത്. സൊസൈറ്റിക്കു കീഴിൽ നടത്തിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെയും സേവനങ്ങളെയും ഹജ്ജ്, ഉംറ സഹമന്ത്രി പ്രശംസിച്ചു.

ഇഅ്തികാഫ്: അനുമതിയില്ലാതെ പ്രവേശനമില്ല

ജിദ്ദ: ഇരുഹറമുകളിലും ഇഅ്തികാഫിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ അനുമതിപത്രമില്ലാതെ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഇരുഹറം കാര്യാലയം ഗൈഡൻസ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബദ്ർ അൽഫുറൈഹ് പറഞ്ഞു. അൽഅഖ്ബാരിയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇഅ്തികാഫിന് 2000ത്തിലധികം അപേക്ഷകരുണ്ട്. രണ്ടു വർഷത്തെ ഇടവേളക്കുശേഷമാണിത്. റമദാനിൽ തീർഥാടകർക്ക് മികച്ച സേവനം നൽകാനാണ് ശ്രമിക്കുന്നതെന്ന് ഇരുഹറം കാര്യാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Ashraf and Fatima after decades of service in the Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.