ജിദ്ദ: റമദാൻ അവസാന പത്തിൽ മക്ക ഹറമിലെത്തുന്നവർക്ക് അത്താഴം വിതരണം ചെയ്യാൻ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലിെൻറ നിർദേശം. തഹജുദ് നമസ്കാരത്തിനും അത്താഴത്തിനുമിടയിലെ സമയക്കുറവ് കണക്കിലെടുത്താണിത്. ഹറമിലെത്തുന്നവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നതിന് മക്ക ഗവർണറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സമിതിയുടെ മേൽനോട്ടത്തിൽ, ലൈസൻസുള്ള ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ചായിരിക്കണം അത്താഴം വിതരണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
ഹറമിലും മുറ്റങ്ങളിലും ബസ് സ്റ്റേഷനുകളിലുമാകും വിതരണം. ഹറമിൽ കഴിയുന്നവർക്ക് പ്രത്യേകിച്ച് മക്കയിലെ പരിസരങ്ങളിൽ നിന്ന് ഹറമിലെത്തുന്നവർക്ക് അത്താഴം വിതരണം ചെയ്യാനുള്ള നിർദേശം തീർഥാടകർക്ക് വലിയ ആശ്വാസമാണുണ്ടാക്കുക.
റോഡിലെ വർധിച്ച തിരക്കിനിടയിൽ തഹജ്ജുദ് നമസ്കാരം കഴിഞ്ഞു വേഗത്തിൽ റൂമിലെത്തിപ്പെടാനുള്ള പ്രയാസം കാരണം അത്താഴം കിട്ടാതെ വിഷമിക്കുന്നവർക്ക് പ്രത്യേകിച്ചും. ഒപ്പം ഹറമിൽ കഴിയുന്നവർക്ക് അവസാന പത്തിൽ കൂടുതൽ സമയം പ്രാർഥനാനിരതരാകാനും മക്ക ഗവർണറുടെ നിർദേശം സഹായകമാകും.
റമദാനിൽ ഇഫ്താർ വേളയിൽ ആയിരക്കണക്കിന് ഭക്ഷണപാക്കറ്റുകളാണ് ദിനംപ്രതി വ്യവസ്ഥാപിതമായി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നത്. ഇതിനായി നിരവധി ചാരിറ്റബിൾ സൊൈസറ്റികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ആദ്യമായാണ് അവസാന പത്തിൽ തീർഥാടകർക്ക് അത്താഴം നൽകാൻ നിർദേശം നൽകുന്നത്. ഇതിനായി വളണ്ടിയർമാരും രംഗത്തുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.