ജിദ്ദ: സുഡാൻ തലസ്ഥാനമായ ഖാർത്തുമിലെ സൗദി നയതന്ത്ര, സാംസ്കാരിക അറ്റാഷെ ഓഫിസ് കെട്ടിടത്തിൽ അതിക്രമിച്ചുകയറുകയും കൊള്ളയടിക്കുകയും നശീകരണ പ്രവർത്തനങ്ങൾ നടത്തുകയുംചെയ്ത കുറ്റകൃത്യത്തെ മുസ്ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു.
നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനത്തിനും അവിടെയുള്ള ജീവനക്കാർക്കും സംരക്ഷണവും സുരക്ഷയും ഉറപ്പുനൽകുന്ന അന്താരാഷ്ട്ര കൺവെൻഷനുകളും മാനദണ്ഡങ്ങളും മാനിക്കേണ്ടതിന്റെ ആവശ്യകത ലീഗ് സെക്രട്ടറി ജനറലും മുസ്ലിം പണ്ഡിത അസോസിയേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഇസ്സ ഊന്നിപ്പറഞ്ഞു.
സായുധ വിഭാഗം കക്ഷികളുമായുള്ള ആശയവിനിമയം ശക്തമാക്കി സുഡാനെ ബാധിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സൗദി നടത്തിയ മഹത്തായ നയതന്ത്ര ശ്രമങ്ങളെ അദ്ദേഹംപ്രശംസിച്ചു.
ഉഭയസമ്മതവും സമാധാനപരവും സമഗ്രവുമായ ഒരു വഴി കണ്ടെത്തുന്നതിന്റെ മുന്നോടിയായി സുഡാനിലെ സ്ഥിതിഗതികൾ ശാന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക പ്രവർത്തനങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നും നിലവിലെ ദുഷ്കരമായ സാഹചര്യത്തിൽ സുഡാൻ ജനതയുടെ താൽപര്യം നിലനിൽക്കണമെന്നും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഇസ്സ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.