റിയാദ്: യന്ത്രഭാഗങ്ങളിൽ ഒളിപ്പിച്ചനിലയിൽ ഉത്തേജകഗുളികകൾ സൗദി അറേബ്യയിലേക്ക് കടത്താൻശ്രമിച്ച ആറുപേർ അറസ്റ്റിൽ. നർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.
എലവേറ്ററിന്‍റെ യന്ത്രഭാഗങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിച്ച നിലയിൽ 456,000 ലഹരി ഗുളികകളാണ് കണ്ടെത്തിയതെന്നും മയക്കുമരുന്ന് ശൃംഖലകളെ കണ്ടെത്താൻ സുരക്ഷാവിഭാഗങ്ങൾ തുടർച്ചയായി നടത്തിയ പരിശോധനയിലാണ് ഈ കടത്തുശ്രമം പരാജയപ്പെടുത്തിയതെന്നും വക്താവ് മേജർ മുഹമ്മദ് അൽനുജൈദി അറിയിച്ചു.
പിടിയിലായ പ്രതികളിൽ രണ്ടുപേർ സൗദി പൗരന്മാരാണ്. മൂന്നു ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് മറ്റ് പ്രതികൾ. ഇവരെ റിയാദിലും ജിദ്ദയിലുമായാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
യുവജനതയെ മയക്കുമരുന്നിന് അടിമയാക്കി നശിപ്പിക്കാൻ ശ്രമം നടത്തുന്ന കുറ്റവാളികളെ കണ്ടെത്താനും സാമൂഹികവിരുദ്ധ ശൃംഖലകളെ തകർക്കാനും മുഴുവൻ സുരക്ഷാസേനകളും സക്കാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം ജാഗ്രതയോടെ ശ്രമങ്ങൾ തുടരുകയാണെന്ന് വക്താവ് അൽനുജൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.