റിയാദ്: സൗദിയിൽ ട്രക്കുകളും ബസുകളും നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ നിരീക്ഷിക്കുന്ന നടപടി ഏപ്രിലിൽ ആരംഭിക്കും. പൊതുഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും ഏപ്രിൽ 21 മുതൽ നടപ്പാക്കുന്ന ഓട്ടോമാറ്റിക് നിരീക്ഷണ പരിധിയിൽ ചരക്ക് ട്രക്ക്, വാടക ട്രക്ക്, അന്താരാഷ്ട്ര ബസുകൾ, വാടക ബസുകൾ എന്നിവയാണ് ഉൾപ്പെടുക. ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുക, കാർബൺ ഉദ്വമനം കുറക്കുക എന്നിവയാണ് ലക്ഷ്യം.
ഓപറേറ്റിങ് പെർമിറ്റ് കാർഡ് ലഭിക്കാതെ ട്രക്കോ ബസോ ഓടിക്കുക, കാലാവധി കഴിഞ്ഞ പെർമിറ്റ് കാർഡ് ഉപയോഗിക്കുക, ബസിന്റെ പ്രവർത്തന കാലയളവ് കഴിയുക എന്നിവയാണ് നിരീക്ഷിക്കുന്നത്. നൂതന ട്രാഫിക് സുരക്ഷപദ്ധതിയുമായി സഹകരിച്ചാണ് ട്രക്ക്, ബസ് നിയമലംഘനങ്ങൾക്കായുള്ള ഓട്ടോമാറ്റിക് മോണിറ്ററിങ് സംവിധാന പദ്ധതി. ഗതാഗത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും തയാറാക്കുന്നതും ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദേശത്തിന് അനുസൃതമാണെന്നും അതോറിറ്റി പറഞ്ഞു. ഡിജിറ്റൽ പരിവർത്തനപദ്ധതിയിലേക്ക് നീങ്ങുന്നത് അതോറിറ്റിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളിലൊന്നാണിത്.
ഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ഓട്ടോമേറ്റഡ് മോണിറ്ററിങ്. ഇത് രാജ്യത്തെ എല്ലാ നഗരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ‘വിഷൻ 2030’ന് അനുസൃതവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.