റിയാദ്: ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വ്യോമ ഗതാഗത മേഖലയിലെ പങ്കാളികളുമായി ബന്ധം ശക്തിപ്പെടുത്താനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദുവൈലെജ് പറഞ്ഞു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സഹകരണത്തോടെ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം സംഘടിപ്പിച്ച ‘വിങ്സ് ഇന്ത്യ 2024’ പ്രദർശനമേളയുടെ ഭാഗമായി ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വ്യോമയാന വിപണിയിൽ വലിയ സാധ്യതകളും അവസരങ്ങളുമുണ്ടെന്നതിൽ സൗദിക്ക് ധാരണയുണ്ട്. അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ശൃംഖല വിപുലപ്പെടുത്തി ഇന്ത്യയെ ലോകവുമായി ബന്ധിപ്പിക്കുന്നതിൽ ഇടത്താവളമാകുന്നതിനും അതിെൻറ പ്രയോജനം നേടുന്നതിനും ഞങ്ങൾ താൽപ്പര്യപ്പെടുന്നു. സിവിൽ ഏവിയേഷൻ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിന് ഇത് ശക്തമായ അടിത്തറ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമയാന മേഖലയുടെ ദേശീയ പദ്ധതി ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് അവസരങ്ങൾ നൽകുകയും സാമ്പത്തിക വികസനത്തെ പിന്തുണക്കുകയും ചെയ്യുന്നു. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രമുഖ പ്രാദേശിക കേന്ദ്രമായും ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായും മാറുന്നതിനുള്ള ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് വ്യോമയാന മേഖല ദേശീയ പദ്ധതി (സ്ട്രാറ്റജി) ആവിഷ്കരിച്ചിരിക്കുന്നത്. സൗദിയുടെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും സിവിൽ ഏവിയേഷൻ പ്രധാന പങ്കു വഹിക്കുന്നു.
സിവിൽ ഏവിയേഷൻ മേഖലയുടെ ഭാവി പുനർനിർണയിക്കുന്നതിൽ സൗദി വലിയ മുന്നേറ്റം നടത്തി. ‘വിഷൻ 2030’ ദേശീയ വ്യോമയാന പദ്ധതി എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞതാണിത്. 100 ശതകോടി ഡോളറിെൻറ നിക്ഷേപം ആകർഷിച്ചും 2030ഓടെ പ്രതിവർഷം 33 കോടിയിലധികം യാത്രക്കാർക്ക് അസാധാരണമായ യാത്രാനുഭവം സൃഷ്ടിക്കുന്നതിലൂടെയും മധ്യപൗരസ്ത്യ മേഖലയിലെ വ്യോമഗതാഗത രംഗത്ത് സൗദിയുടെ സുപ്രധാന പങ്ക് ഉറപ്പിക്കുന്നതാണിത്. ഈ 33 കോടി യാത്രക്കാരിൽ 10 ശതമാനത്തെ മാത്രമേ സൗദിയിൽ ട്രാൻസിറ്റ് യാത്രക്കാരാകാൻ ഞങ്ങൾ ലക്ഷ്യമിടുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങൾ, വിമാനകമ്പനികൾ, വിമാനങ്ങൾ, ഷിപ്പിങ്ങും ലോജിസ്റ്റിക്സും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും മുന്നേറുന്നതിനുമുള്ള സമഗ്രമായ പദ്ധതി ഇതിൽ ഉൾപ്പെടുന്നു.
സൗദിയിലെ 29 വിമാനത്താവളങ്ങളിലൂടെ ലോകമെമ്പാടുമുള്ള 250ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയുടെ എയർ കണക്റ്റിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. റിയാദിലെയും ജിദ്ദയിലെയും രണ്ട് ആഗോള കണക്റ്റിവിറ്റി സെൻററുകളുടെ നേതൃത്വത്തിൽ അതുല്യമായ കഴിവുകളും ഉയർന്ന കാര്യക്ഷമതയും ഉള്ള ഒരു എയർപോർട്ട് നെറ്റ്വർക്ക് സ്ഥാപിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
വിമാന ചരക്ക്, ലോജിസ്റ്റിക് സേവന മേഖലകളിലും വലിയ ഗുണപരമായ മാറ്റം സൃഷ്ടിക്കാനാകുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും 0.8 ദശലക്ഷം ടണ്ണിൽ നിന്ന് 4.5 ദശലക്ഷം ടണ്ണായി വിമാന ചരക്ക് ഗതാഗതത്തിെൻറ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആഗോള എയർ കാരിയറുകളേയും ലോജിസ്റ്റിക് സേവന ദാതാക്കളേയും ബഹുരാഷ്ട്ര കമ്പനികളേയും രാജ്യത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾ പദ്ധതിക്ക് കീഴിൽ നടപ്പാക്കിവരികയാണെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
സമ്മേളന സെഷെൻറ സമാപനത്തിൽ സൗദി സിവിൽ ഏവിയേഷൻ മേധാവി 2024 മേയ് 20 മുതൽ 22 വരെ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഓഫ് ഏവിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു.
ജനുവരി 18 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ നിരവധി രാജ്യങ്ങളിൽ നിന്നുള്ള സിവിൽ ഏവിയേഷൻ അധികൃതർ, വിമാന കമ്പനികൾ, സിവിൽ ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളിൽ നിന്നുൾപ്പെടെ 5000ത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന പ്രദർശനങ്ങളിലും കോൺഫറൻസുകളിലും ഒന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.