മദീന: മദീനയിൽ ‘ബദർ പാത’ യാത്രകൾ ആരംഭിച്ചു. മദീന മേഖലയിലെ ചരിത്രപ്രധാന സ്ഥലങ്ങൾ പുനരുദ്ധരിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പദ്ധതികളിലൊന്നാണ് ഈ യാത്ര. നടന്നും ഒട്ടകപ്പുറത്തേറിയുമുള്ള യാത്ര മേഖലയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര ടൂറിസം ഉൽപ്പന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, അതോറിറ്റി സി.ഇ.ഒ എൻജി. ഫഹദ് അൽ ബലീഷി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സാഹസികത, ഒട്ടകയാത്ര, കാൽനടയാത്ര എന്നിവ ഇഷ്ടപ്പെടുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പദ്ധതിയുടെ ഗുണങ്ങൾ ഗവർണർ വിശദീകരിച്ച് കേട്ടു.
മേഖലയിലെ സാംസ്കാരിക വശങ്ങൾ മെച്ചപ്പെടുത്തുന്നതാണ് ‘ബദർ പാത’. പാത കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 40 ചരിത്ര സ്ഥലങ്ങളും പൗരാണിക ലാൻഡ്‌മാർക്കുകളും ഉണ്ട്. ഇത് ബദറിെൻറ കഥയുമായും 175 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിനിടയിൽ കണ്ടെത്തിയ ശിലാസ്മാരകങ്ങളുമായും അവയുടെ ശേഷിക്കുന്ന തെളിവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. പാതയിൽ 25ലധികം വില്ലേജുകൾക്കും പാർപ്പിട സമുച്ചയങ്ങളുമുണ്ട്.
നാല് ദിവസമെടുക്കുന്നതാണ് യാത്ര. ആദ്യ ദിവസം വാദി മലാലിൽ രാത്രി തങ്ങും. രണ്ടാം ദിവസം ബിഅ്ർ അൽറൗഹയിലാണ്. മൂന്നാം ദിവസം വാദി അൽസഫ്രയിലെ ഖൈഫ് അൽഹുസാമിയിൽ യാത്ര നിർത്തും. നാലാം ദിവസം വാദി ദഫ്രാനിൽ അവസാനിക്കും. ആദ്യ ദിവസത്തെ യാത്രയിൽ 25 ലധികമാളുകൾ പെങ്കടുത്തു. സൗദിക്ക് പുറമെ, അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമനി, മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ലബനാൻ കൂടാതെ നിരവധി അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നു.
പ്രവാചകെൻറ ജീവചരിത്രവും ഇസ്‌ലാമിക ചരിത്രവുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങൾ പുനരുദ്ധരിക്കാനും സജീവമാക്കാനുമുള്ള മദീന വികസന അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ‘ബദർ പാത’ പദ്ധതി. ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്കുള്ളിൽ തീർഥാടകരുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കാനും രാജ്യവാസികളുടെ ജീവിതനിലവാരം ഉയർത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ‘റൂഹ് മദീന’ എന്ന പ്ലാറ്റ്‌ഫോമിലൂടെ ‘ബദർ പാത’ യാത്രകളിൽ പങ്കെടുക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.