ബഷീർ കടലുണ്ടിയുടെ ദാരുണമരണം: അധികൃതർ പ്രതിക്കൂട്ടിൽ

മക്ക: ചവിട്ടുനിലയില്ലാത്ത ലിഫ്റ്റിൽ കയറി ചേംബറിനുള്ളിൽ വീണ് ദാരുണമായി മരിച്ച ബഷീർ കടലുണ്ടിയുടെ മരണത്തിൽ  അധികൃതരുടെ ഭാഗത്ത് നിന്ന് വൻവീഴ്ചയുണ്ടായതായി ആരോപണമുയർന്നു. ഇന്ത്യൻ ഹജ്ജ്മിഷന് കെട്ടിടം വാടകക്ക് നൽകിയ കമ്പനി ഇൗ വിഷയത്തിൽ പ്രതിക്കൂട്ടിലായിരിക്കയാണ്. ലിഫ്റ്റ് കൃത്യമായ പ്രവർത്തിക്കാത്ത പഴഞ്ചൻ കെട്ടിടത്തിലാണ് ഇവരെ  താമസിപ്പിച്ചതെന്ന പരാതിയുയർന്നിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കാൻ മുൻകരുതലുകളൊ മുന്നറിയിപ്പോ നൽകിയിരുന്നില്ല.

കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഹജ്ജ് തീർഥാടകനായ ജെ.ഡി.റ്റി ഇസ്ലാം സ്കൂൾ റിട്ട. അധ്യാപകൻ ബഷീർ കടലുണ്ടി (57) ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹം താമസിച്ച കെട്ടിടത്തിലെ മൂന്നാംനിലയിൽ നിന്ന് ലിഫ്റ്റിൽ കയറാൻ  ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സ്വിച്ച് അമർത്തി ലിഫ്റ്റി​​െൻറ വാതിൽ തുറന്നപ്പോൾ അകത്തേക്ക് 
കാലെടുത്തുവെച്ചെങ്കിലും പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. ചേംബറിനുള്ളിലൂടെ താഴേക്ക് വീണ ബഷീർമാസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത് 10 മണിക്കൂറിലേറെ പിന്നിട്ട ശേഷമാണ്. 

കാണാതായതു മുതൽ ഭാര്യ സാജിത ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞെങ്കിലും ഹറമിലേക്ക് പോയതായിരിക്കുമെന്നാണെത്ര വളണ്ടിയർ ചുമതലയുള്ളയാൾ പറഞ്ഞത്. തന്നോട് പറയാതെ ഹറമിൽ പോവില്ലെന്ന് ഭാര്യ തീർത്തു പറഞ്ഞിട്ടും അധികൃതർ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇതേ ബിൽഡിങിൽ താമസിക്കുന്ന നാട്ടുകാരായ തീർഥാടകരെ കാണാനെന്ന് പറഞ്ഞാണ് അദ്ദേഹം റൂമിൽ നിന്നിറങ്ങിയത്. 

പിന്നീട് പലവഴിക്ക് അന്വേഷിച്ചെങ്കിലും ഒരു വിവരവുമില്ലായിരുന്നു. അപ്പോഴൊന്നും ഇതുപോലൊരു ദാരുണമരണം സംഭവിച്ചിരിക്കുമെന്ന് ആരും കരുതിയില്ല. ഒടുവിൽ രാത്രി 11 മണിയോടെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ ലിഫ്റ്റ് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണിക്ക് വേണ്ടി ലിഫ്റ്റ് നിർത്തിയിട്ടപ്പോഴാണ്  അപകടമുണ്ടായത്. ശ്വാസം മുട്ടിയാണോ, ഷോക്കേറ്റാണോ, വീഴ്ചയിൽ പരിക്കേറ്റാണോ മരണമെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.സിവിൽ ഡിഫൻസി​​െൻറ അന്വേഷണം പുരോഗമിക്കുകയാണ്. സങ്കീർണമായ നിയമനടപടികളുള്ള സംഭവമായതിനാലാണ്  ഖബറടക്കം വൈകുന്നത്. ഭാര്യ സാജിതയെ ആശ്വസിപ്പിക്കാനും ഇവരെ പ്രത്യേകം പരിചരിക്കാനും  മലയാളി സന്നദ്ധ സംഘടനകളിലെ വനിതാവളണ്ടിയർമാർ സജീവമാണ്.

ചെറുപ്പം മുതൽ ജെ.ഡി.റ്റിയുമായി അടുത്ത് ബന്ധമുള്ളയാളായിരുന്നു ബഷീർമാസ്റ്റർ. സാമൂഹിക സാംസ്കാരിക  പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജെ.ഡി. റ്റി കാമ്പസിലെ ജനകീയമുഖമായിരുന്നു അദ്ദേഹത്തിേൻറത്. ബഷീർ കടലുണ്ടി എന്ന പേരിലാണ് അറിയപ്പെട്ടത്. വർഷങ്ങളായി ജെ.ഡി.റ്റിയിൽ സജീവമായിരുന്നതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് ഇദ്ദേഹത്തെ നേരിൽ അറിയാം. 30 വർഷം മുമ്പ്  മുൻസെക്രട്ടറി ഹസൻ ഹാജിയോടൊപ്പം അദ്ദേഹം ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. ഇദ്ദേഹത്തി​​െൻറ മരണവാർത്ത അറിഞ്ഞതുമുതൽ സാമൂഹികമാധ്യമങ്ങളിൽ അനുശോചനപ്രവാഹമാണ്. പ്രവാസലോകത്തും  ദാരുണമരണം വലിയ നൊമ്പരമായിരിക്കയാണ്. ഇത്തവണ ഹജ്ജിന് പുപ്പെടുന്നതിന് മുമ്പ് പരമാവധി സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് യാത്ര പറഞ്ഞതായി മുൻ സഹപ്രവർത്തകനായിരുന്ന സാജിദ് അലി പറഞ്ഞു. 

 

Tags:    
News Summary - basheer kadalundi death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.