റിയാദ്: ലണ്ടനും റിയാദിനുമിടയിൽ വിമാന സർവിസ് വർധിപ്പിക്കുന്നു. പ്രതിദിന വിമാന സർവിസിനായി വിർജിൻ അറ്റ്ലാൻറിക് എയർവേസുമായി കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബിന്റെ സാന്നിധ്യത്തിലാണ് വിർജിൻ അറ്റ്ലാന്റിക്കുമായി സഹകരണ കരാറിൽ ഒപ്പുവെച്ചത്.
സൗദി അറേബ്യയുടെ എയർ കണക്ടിവിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിൽ ദിവസേനയുള്ള വിമാന സർവിസിലൂടെ റിയാദിനെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള സർവിസാണ് ആരംഭിച്ചിരിക്കുന്നത്.
സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള വ്യോമഗതാഗത ബന്ധം വർധിപ്പിക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. 2025 മാർച്ച് മുതൽ എയർബസ് വിമാനം ‘എ330’ ഉപയോഗിച്ചാണ് സർവിസ് നടത്തുക. സൗദി വ്യോമഗതാഗതത്തിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പ്രവേശനം വർഷത്തിന്റെ തുടക്കം മുതൽ എയർ കണക്ടിവിറ്റി പ്രോഗ്രാമുമായി (എ.സി.പി) സഹകരിക്കുന്ന പത്താമത്തെ വിമാനക്കമ്പനിയാണ്. ഇത് സൗദിയിൽനിന്ന് വ്യോമഗതാഗതം വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ്.
ലണ്ടനും റിയാദിനും ഇടയിലുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പ്രവേശനം എയർ കണക്ടിവിറ്റി വർധിപ്പിക്കുമെന്ന് എയർ കണക്ടിവിറ്റി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ മജീദ് ഖാൻ പറഞ്ഞു. ബ്രിട്ടനിൽനിന്നും വടക്കേ അമേരിക്കയിലെ വിർജിൻ അറ്റ്ലാന്റിക് നെറ്റ്വർക്കിൽനിന്നും സൗദി അറേബ്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര ടൂറിസത്തിന്റെ വളർച്ചയെ ഇത് പിന്തുണക്കും.
വരും വർഷങ്ങളിൽ വിർജിൻ അറ്റ്ലാന്റിക്കുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും സൗദിയിലേക്ക് എയർ കണക്ടിവിറ്റി വികസിപ്പിക്കുന്നത് തുടരാനാകും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മജീദ് ഖാൻ പറഞ്ഞു.
സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം വർധിപ്പിച്ച് രാജ്യത്തെ ടൂറിസം വളർച്ച വർധിപ്പിക്കുകയാണ് എയർ കണക്ടിവിറ്റി പ്രോഗ്രാം ലക്ഷ്യമിടുന്നത്. നിലവിലുള്ളതും സാധ്യതയുള്ളതുമായ എയർ റൂട്ടുകൾ വികസിപ്പിക്കുന്നതിലൂടെയും രാജ്യത്തെ പുതിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെയുമാണ് ഇത് നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.