ജിദ്ദ: ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടും മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടുമനുബന്ധിച്ച്, ‘ഗാന്ധിയുടെ ഇന്ത്യക്കായി ഭാരത് ജോഡോ യാത്ര’ വിഷയത്തില്‍ ഒ.ഐ.സി.സി സൗദി വെസ്റ്റേണ്‍ റീജനൽ കമ്മിറ്റി ജിദ്ദയിൽ ടേബ്ൾ ടോക് സംഘടിപ്പിച്ചു. വര്‍ഗീയശക്തികളില്‍നിന്ന് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയെ വീണ്ടെടുക്കാൻ രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷനല്‍ കോൺഗ്രസും നയിക്കുന്ന മതേതര മുന്നണിയിലൂടെ മാത്രമേ സാധ്യമാവൂ എന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗാന്ധിയെ വെടിവെച്ചുകൊന്നതിന്റെ 75ാം വാർഷികദിനത്തിൽ രാഹുൽ ഗാന്ധി വർഗീയവിരുദ്ധ പോരാട്ടത്തിന് കൂടുതൽ ശക്തി പകരുന്നുവെന്നത് പ്രതീക്ഷജനകമാണെന്നും ടേബ്ൾ ടോക് അഭിപ്രായപ്പെട്ടു.
വണ്ടൂർ സഹ്യ പ്രവാസി കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറും ഒ.ഐ.സി.സി മുൻ റീജനൽ കമ്മിറ്റി പ്രസിഡൻറുമായ പാപ്പറ്റ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ചെറിയ തെറ്റുകളുടെ പേരിൽപോലും മതേതര ചേരിയിലെ പല സംഘടനകളും, കോൺഗ്രസിന് വധശിക്ഷ വിധിച്ച പൂർവകാല സമീപനമാണ് സംഘ്പരിവാർ രാഷ്ട്രീയത്തിന്റെ മൂർത്തീഭാവത്തിനു കാരണമായതെന്നും ആ തിരിച്ചറിവിനു ഭാരത് ജോഡോ യാത്ര കാരണമായെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ ശ്രീജിത്ത് കണ്ണൂർ വിഷയമവതരിപ്പിച്ചു.
കോൺഗ്രസ് ശക്തിയാർജിക്കേണ്ടത് അനിവാര്യമാണെന്നും ആ തിരിച്ചറിവും ഊർജവും പകരാൻ ഭാരത് ജോഡോ യാത്രക്കായെന്നും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. ത്രിപുരയിൽ സഖ്യത്തിലായിട്ടും ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്ന സി.പി.എം രാഷ്ട്രീയം അപകടമാണെന്ന് ന്യൂ ഏജസ് ഇന്ത്യ ഫോറം രക്ഷാധികാരി പി.പി. റഹീം അഭിപ്രായപ്പെട്ടു. വർഗീയതയാൽ കലുഷിതമായ വർത്തമാന ഭാരതത്തിൽ വളരെ പോസിറ്റിവും അനുയോജ്യവുമായ രാഷ്ട്രീയനീക്കമായിരുന്നു ഭാരത് ജോഡോ യാത്രയെന്നും ലോകം കഴിഞ്ഞ കാലങ്ങളിൽ വിവിധ ഇടങ്ങളിലായി വസന്തളേറെ കണ്ടിട്ടുണ്ട്, ഒരുവേള ഭാരത് ജോഡോ യാത്ര പുതിയ ഇന്ത്യൻ വസന്തത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും മലയാളം ന്യൂസ് എഡിറ്റർ എ.എം. സജിത്ത് അഭിപ്രായപ്പെട്ടു.
സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), പ്രിൻസാദ് കോഴിക്കോട് (ഇസ്ലാഹി സെൻറർ), പി.വി. അഷറഫ് (എം.ഇ.എസ്), സി.എച്ച്. ബഷീർ (തനിമ), ഷാനവാസ് വണ്ടൂർ (ഡബ്ല്യു.എം.എഫ്), ഇബ്രാഹിം അൽഹികമി (വിസ്ഡം ഇസ്ലാമിക്), മുഹമ്മദ് കല്ലിങ്ങൽ (എസ്.ഐ.സി), സൈനുൽ ആബിദീൻ തങ്ങൾ (ഐ.സി.എഫ്), അബ്ദുൽ സത്താർ കണ്ണൂർ, അലി തേക്കുതോട്, ഹകീം പാറക്കൽ എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി സകീർ ഹുസൈൻ എടവണ്ണ സ്വാഗതവും നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക് നന്ദിയും പറഞ്ഞു. ഗാന്ധിജിയുടെ ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.