ജിദ്ദ: ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് ബിൽക്കീസ് ബാനു കേസിലെ 11 സംഘ്പരിവാർ പ്രവർത്തകരായ കൊടുംകുറ്റവാളികളെ ജയിലിൽനിന്നു വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം നാഷനൽ കമ്മിറ്റി അംഗം ഇ.എം. അബ്ദുല്ല പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റിക്കു കീഴിലുള്ള ഷറഫിയ, മക്ക റോഡ്, ബലദ് ബ്ലോക്ക് കമ്മിറ്റികൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി കുറ്റവാളികളാണെന്ന് കണ്ടെത്തിയ പ്രതികളെ ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം അന്യായമായി മോചിപ്പിക്കുന്നത് ഭരണകൂട ഭീകരതയാണെന്നും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ മൗനംപാലിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് കോയിസ്സൻ ബീരാൻകുട്ടി, സ്റ്റേറ്റ് കമ്മിറ്റി അംഗം ഹസൻ മങ്കട തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ ഷിബു ഗൂഡല്ലൂർ, അബ്ദുൽ കലാം ചിറമുക്ക്, അയ്യൂബ് അഞ്ചച്ചവിടി, ഷാഹിദ് വേങ്ങര, റഫീഖ് പഴമള്ളൂർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.