റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവാവിന്റെ അവയവയങ്ങൾ അഞ്ചു പേർക്ക് പുതുജീവിതം നൽകി. റിയാദ് കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച 22 കാരന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷനാണ് ഇതിനുവേണ്ടി പ്രവർത്തിച്ചത്.
യുവാവിൽനിന്ന് നീക്കം ചെയ്ത ഹൃദയം കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന 59 കാരനായ ഹൃദ്രോഗിയിൽ വിജയകരമായി മാറ്റിവെച്ചു. ശ്വാസകോശങ്ങൾ റിയാദ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലുള്ള 56കാരനായ രോഗിയിലും മാറ്റിവെച്ചു. കരൾ 62കാരനായ മറ്റൊരു രോഗിയിലും മാറ്റിവെച്ചു. ഈ ഓപറേഷൻ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽവെച്ചാണ് പൂർത്തിയാക്കിയത്.
യുവാവിൽനിന്ന് നീക്കം ചെയ്ത വൃക്കകൾ 34 വയസ്സുള്ള യുവതിയിലും 60 വയസ്സുള്ള രോഗിയിലും മാറ്റിവെച്ചു. ഈ ഓപറേഷനുകൾ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിലും പൂർത്തിയായി. അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയ അഞ്ചുപേരും സ്വദേശികളാണ്. മെഡിക്കൽ ധാർമികതക്കനുസൃതമായും രോഗികളുടെ മെഡിക്കൽ മുൻഗണനകൾക്കനുസൃതമായും നീതിപൂർവമായാണ് അവയവങ്ങൾ വിതരണം ചെയ്യുന്ന പ്രക്രിയ പൂർത്തിയാക്കിയതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
ബന്ധപ്പെട്ട എല്ലാ വകുപ്പുകളും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ്, മസ്തിഷ്ക മരണം സംഭവിച്ച രോഗിയിൽനിന്ന് അവയവങ്ങൾ നീക്കം ചെയ്ത് അഞ്ചു രോഗികളിൽ വിജയകരമായി മാറ്റിവെക്കാൻ സാധിച്ചത്. അഞ്ചു രോഗികളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുംവിധം രോഗിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ അങ്ങേയറ്റം പ്രശംസിക്കുകയാണെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.