ദമ്മാം: ലോക കേരളസഭയുടെ എട്ടാമത്തെ ചാർട്ടേഡ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. കുറഞ്ഞ നിരക്കിൽ നോർക്കയുടെ നിർദേശപ്രകാരം സൗദി കിഴക്കൻ പ്രവിശ്യയിൽനിന്ന് നടത്തുന്ന സർവിസിലെ എട്ടാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം രാവിലെ 11ന് ദമ്മാമിൽനിന്ന് കൊച്ചിയിലേക്ക് പോയത്. പി.പി.ഇ കിറ്റുകൾ ഉൾപ്പെടെ 1095 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. 176 പേരാണ് യാത്ര ചെയ്തത്. ലോക കേരളസഭാംഗങ്ങളായ പവനൻ മൂലക്കീൽ, നാസ് വക്കം എന്നിവർ വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കാനുണ്ടായിരുന്നു.
കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കായി ഇതുവരെ എട്ട് ചാർട്ടേഡ് വിമാനങ്ങളാണ് സർവിസ് നടത്തിയത്.അഞ്ചുമാസം മുമ്പ്, കോവിഡ്മൂലം പ്രതിസന്ധിയിലായ മലയാളി പ്രവാസികളെ സംരക്ഷിക്കാനായി കേരള സർക്കാറിെൻറയും നോർക്കയുടെയും നിർദേശപ്രകാരം, കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള ലോക കേരളസഭാംഗങ്ങൾ മുൻകൈയെടുത്ത് രൂപവത്കരിച്ചു പ്രവർത്തിച്ചു വന്നിരുന്ന നോർക്ക ഹെൽപ് ഡെസ്ക്, സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ രണ്ടാഴ്ച മുമ്പ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു.
എന്നാൽ, ചാർട്ടേഡ് വിമാന സർവിസുകൾ തുടരാനാണ് തീരുമാനം. ദമ്മാമിൽനിന്ന് സെപ്റ്റംബർ ഏഴിന് കോഴിക്കോട്, 10ന് കൊച്ചി എന്നിവിടങ്ങളിലേക്ക് അടുത്ത ചാർട്ടേഡ് വിമാനങ്ങൾ പറക്കുമെന്ന് കൺവീനർ ആൽബിൻ ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.