മക്ക: അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തുന്നവരെ പിടികൂടാൻ മക്കയിൽ പരിശോധന ശക്തം. പ്രവേശന കവാടങ്ങളിൽ ശവ്വാൽ 15 മുതൽ ഏർപ്പെടുത്തിയ പരിശോധനയിൽ ഇതുവരെ നൂറു കണക്കിന് നിയമലംഘകർ പിടിയിലായി. ഹജ്ജ് ചെയ്യാൻ അനുമതിപത്രമില്ലാതെ എത്തിയ 28 പേരെയും അവർക്ക് വാഹന സൗകര്യമൊരുക്കിയ എട്ട് ഡ്രൈവർമാരെയും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് അനുമതിപത്രം നിർബന്ധമാക്കുന്നതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനാണെന്ന് മക്ക ഡെപ്യൂട്ടി ഗവർണറും ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന കുറ്റവാളികളെ കണ്ടെത്താൻ മക്കയിലെ പാർപ്പിട കേന്ദ്രങ്ങളിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പിടിയിലാകുന്നവർക്ക് 15 ദിവസം തടവും ഓരോ നിയമലംഘനത്തിനും 10,000 റിയാൽ വീതം പിഴയുമാണ് ശിക്ഷ. വിദേശികളാണെങ്കിൽ ഈ ശിക്ഷകൾക്കുശേഷം പുനഃപ്രവേശന വിലക്കോടെ നാടുകടത്തും. പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റിനെറ സീസണൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റികൾ വഴിയായിരിക്കും ശിക്ഷനടപടികൾ നടപ്പാക്കുക. നിയമലംഘകരെ കടത്താൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കഴിഞ്ഞ ദിവസം പിടികൂടി. ഹജ്ജ് കർമങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മക്കയിലെ റോഡുകളും ഹജ്ജ് പ്രദേശങ്ങളും പൂർണമായും സുരക്ഷ സൈനികരുടെ നിരീക്ഷണത്തിലാണ്. വിദേശങ്ങളിൽനിന്നും സൗദിയിൽനിന്നും എത്തുന്ന 20 ലക്ഷത്തിലേറെ വരുന്ന തീർഥാടകർക്ക് സുഖപ്രദവും സുരക്ഷിതവുമായി ഹജ്ജ് നിർവഹിക്കാൻ അവസരം നൽകാൻ ഹജ്ജ് നിയമങ്ങളും സുരക്ഷ നിയന്ത്രണങ്ങളും അധികൃതർ നൽകുന്ന നിർദേശങ്ങളും പൂർണമായും പാലിക്കാൻ എല്ലാ പൗരന്മാരോടും രാജ്യത്തെ താമസക്കാരായ പ്രവാസികളോടും ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.