റിയാദ്: വിദേശ തൊഴിലാളികൾക്ക് ഇനി സൗദി അറേബ്യയിൽ ‘സ്പോൺസർ’ ഇല്ല. പകരം ‘തൊഴിൽ ദാതാവ്’ എന്ന പദം ഉപയോഗിക്കാൻ രാജ്യത്തെ സർക്കാർ, സ്വകാര്യ രംഗങ്ങളിലെ മുഴുവൻ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം. ഫെഡറേഷന് ഓഫ് സൗദി ചേംബേഴ്സിനാണ് ഇതുസംബന്ധിച്ച ഉത്തരവ് മന്ത്രാലയം അയച്ചത്.
ഒന്നോ അതിലധികമോ തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങളെയോ വ്യക്തികളെയോ ‘തൊഴിൽ ദാതാവ്’ എന്നാണ് സൗദി തൊഴിൽനിയമത്തിലെ ആർട്ടിക്കിൾ വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. തൊഴിലുടമക്കുവേണ്ടി അയാളുടെയോ മാനേജ്മെന്റിന്റെയോ മേൽനോട്ടത്തിൻ കീഴിൽ സേവന വേതന വ്യവസ്ഥകൾക്ക് വിധേയമായി ജോലി ചെയ്യുന്ന ആളെ ‘തൊഴിലാളി’ യെന്നാണ് നിർവചിക്കുന്നതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇതുവരെ വിദേശ തൊഴിലാളികളുടെ തൊഴിലുടമകളെ പൊതുവിൽ പറഞ്ഞിരുന്ന പേര് ‘സ്പോൺസർ’ എന്നാണ്. കാലങ്ങളായി അങ്ങനെയാണ് രേഖകളിലും പതിഞ്ഞുകിടക്കുന്നത്. മന്ത്രാലയം നിർദേശം നടപ്പാകുന്നതോടെ സ്പോൺസർ ഇല്ലാതാകും. പകരം തൊഴിലുടമയോ തൊഴിൽ ദാതാവോ സ്ഥിരപ്രതിഷ്ഠ നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.