ദിയാധനത്തിന്‍റെ ചെക്ക്​ കോടതിയിലെത്തി; ഇനി റഹീമിന്‍റെ മോചനത്തിനുള്ള കാത്തിരിപ്പ്

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ സ്വദേശി അബ്​ദുറഹീമിന്‍റെ മോചനത്തിനായി രൂപവത്​കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയതായി സഹായ സമിതി സ്​റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ദിയാധനത്തിന്‍റെ ചെക്കും രേഖകളും​ കോടതിയിലെത്തിച്ചു. ഇന്ത്യൻ എംബസി റിയാദ്​ ഗവർണറേറ്റിന് നൽകിയ ഒന്നരക്കോടി സൗദി റിയാലിന്‍റെ ചെക്കും, വാദിഭാഗത്തിന്‍റെ അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും, അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നത്​ അവസാന കടമ്പയായി ബാക്കിയുണ്ടായിരുന്നതായിരുന്നു. പെരുന്നാൾ അവധിക്ക്​ മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ്​ ഇതെല്ലാം കോടതിയിൽ എത്തിയതെന്ന്​ റഹീമിന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ അറിയിച്ചു.

ഈദ് അവധി കഴിഞ്ഞ്​ കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു വക്കീലന്മാരോടും ഹാജരാകാൻ കോടതി ആവശ്യപ്പെടും. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാകുക. അത് കഴിഞ്ഞാൽ മോചന ഉത്തരവിൽ കോടതി ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. അതോടെ മോചനം സാധ്യമാകും. കേസുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിനെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ നേരിട്ട് അറിയിക്കുന്നുണ്ട്.

ഇതുവരെയുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ബത്ഹ ഡി-പാലസ്​ ഹോട്ടലിൽ സഹായ സമിതി സ്​റ്റിയറിങ് കമ്മിറ്റി ചേർന്നു. സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്​ദുല്ല വല്ലാഞ്ചിറ സ്വാഗതം പറഞ്ഞു. കേസി​െൻറ ഇതുവരെയുള്ള പുരോഗതിയും തുടർന്നുണ്ടാകാൻ പോകുന്ന കോടതി നടപടികളെ കുറിച്ചും സിദ്ധിഖ് തുവ്വൂർ, സഹായസമിതി വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ സംസാരിച്ചു.

നാളിതുവരെയുള്ള കേസുമായ ബന്ധപ്പെട്ട റിപ്പോർട്ട് ട്രഷറർ സെബിൻ ഇഖ്ബാൽ അവതരിപ്പിച്ചു. കോഓഡിനേറ്റർ ഹർഷദ് ഫറോക്, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ധീൻ ചേവായൂർ, ഷമീം മുക്കം, നവാസ് വെള്ളിമാട്കുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - compensation check reached the court; Now waiting for Rahim's release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.