ജിദ്ദ: ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളും (ഒപെക്) സൗദിയും തമ്മിലുള്ള ഏകോപനം ആഗോള എണ്ണവില സ്ഥിരപ്പെടുത്തുന്നതിലും സന്തുലനം കാത്തു സൂക്ഷിക്കുന്നതിലും വിജയിച്ചതായി സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. ഒപെക് സ്ഥാപിതമായതിന്റെ വജ്രജൂബിലി വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രി പ്രസ്താവന നടത്തിയത്.
കുവൈത്ത് ആക്ടിങ് മന്ത്രി ഉൾപ്പെടെ ഒപെക് അംഗരാജ്യങ്ങളിലെ എണ്ണ-ഊർജ മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ഒപെക് രാജ്യങ്ങളുമായി സഹകരിക്കാൻ സൗദി പ്രത്യേകം ശ്രദ്ധിക്കുന്നു. എണ്ണ വിപണിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഏകോപനവും ചർച്ചയും അംഗരാജ്യങ്ങൾക്ക് മാത്രമല്ല പൊതുവെ എണ്ണവ്യവസായത്തിനും ഏറെ ഗുണം ചെയ്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒപെക് പ്ലസുമായുള്ള സഖ്യം കരുത്തുറ്റതാക്കാൻ സൗദി മുന്നോട്ടുവെച്ച നിർദേശം അംഗീകരിച്ച് ഒപെക് അതിന്റെ സ്ഥാപക ലക്ഷ്യം കൈവരിക്കുകയും ഫലം മെച്ചപ്പെടുത്തുകയും ചെയ്തു.
ഇത് ഒപെക് അംഗരാജ്യങ്ങൾക്കിടയിലും കൂടുതൽ ഐക്യവും ഏകോപനവും ഉണ്ടാക്കാനും വഴിവെച്ചു. ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങൾ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, അനിശ്ചിതത്വങ്ങൾ എന്നിവക്കിടയിൽ എല്ലാ ഒപെക് അംഗരാജ്യങ്ങളും തമ്മിലുള്ള സമവായത്തിന് സൗദി പ്രത്യേകം നന്ദി പറയുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. എണ്ണ വിപണിയിൽ സ്ഥിരത കൈവരിക്കുന്നതിൽ ഒപെക് പ്ലസ് വിജയിച്ചത് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായിട്ടുണ്ട്. വിയനയിൽ നേരത്തേ നടന്ന ഒപെക് യോഗത്തിന്റെ തീരുമാനങ്ങൾ ഫലവത്തായി നടപ്പായതിൽ മന്ത്രി അഭിനന്ദിച്ചു.
അതിന്റെ നേട്ടങ്ങൾ അംഗരാജ്യങ്ങളെ പിന്തുണക്കുകയും എണ്ണ നിക്ഷേപകർക്ക് ആശ്വാസം നൽകുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഊർജവിപണികളിൽ സുസ്ഥിരതയും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ സംഘടന നിർണായക പങ്കുവഹിച്ചതായി ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗെയ്സ് പറഞ്ഞതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.