റിയാദ്: ‘കോപ് 29’ അന്താരാഷ്ട്ര വ്യതിയാന കാലാവസ്ഥ സമ്മേളനത്തിൽ ശ്രദ്ധാകേന്ദ്രമായി സൗദി ബാലൻ. അസർബൈജാനിലെ ബാക്കു ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ ഫരീദ് ഫിലിംബാൻ എന്ന 10 വയസ്സുകാരനാണ് ലോകത്തെ അഭിസംബോധന ചെയ്ത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
പാരിസ്ഥിതിക, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിൽ തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയായിരുന്നു ഈ സൗദി മിടുക്കൻ. സൗദിയിലെ ഒരു പ്രാദേശിക പ്രസംഗ മത്സരത്തിൽ വിജയിച്ച് ദേശീയ ശ്രദ്ധ നേടിയ ഫരീദിനെ കോപ് 29 സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
അതിയായ സന്തോഷവും അഭിമാനവുമെന്ന് പിതാവ് മുഹമ്മദ് ബിലിംബാൻ ‘അൽ അറബിയ്യ’ ചാനലിനോട് പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിലും സൗദി യുവാക്കളുടെ താൽപര്യം ഉയർത്തിക്കാട്ടുന്നതാണ് ഫരീദിന്റെ ആഗോള വേദിയിലെ സാന്നിധ്യം. ഇത് മേഖലയിലെ രാജ്യത്തിന്റെ
മഹത്തായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. ചെറുപ്പം മുതൽ തന്നെ ഫരീദിന് പരിസ്ഥിതിയിലും പ്രകൃതിയിലും താൽപര്യമുണ്ടായിരുന്നു. സ്കൂളിൽനിന്നാണ് ഈ താൽപര്യം തുടങ്ങിയത്. മരങ്ങൾ നട്ടുപിടിപ്പിക്കുക, ചുറ്റുപാടുമുള്ള പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുക തുടങ്ങിയ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള ഇഷ്ടം അവനിൽ വളർന്നുവന്നു.
മുത്തച്ഛന്റെ കൃഷിയിടം സന്ദർശിക്കുമ്പോഴായിരുന്നു അവൻ ഏറ്റവും കൂടുതൽ ആഹ്ലാദഭരിതനായി കാണപ്പെട്ടിരുന്നതെന്ന് പിതാവ് പറഞ്ഞു.
അവൻ മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയുടെ വളർച്ച നോക്കിക്കാണുകയും ചെയ്തു. ആ കൃഷിയിടം അവന് പ്രചോദനത്തിന്റെ ഉറവിടവും പ്രകൃതിയുമായുള്ള അവന്റെ ബന്ധം ശക്തിപ്പെടുത്തുന്ന ഒരു അത്ഭുതകരമായ അനുഭവവുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ദുബൈയിൽ നടന്ന കഴിഞ്ഞ കോപ് സമ്മേളനത്തിൽ നവാഫ് അൽ ഉതൈബി എന്ന സൗദി ബാലൻ പങ്കെടുത്തിരുന്നു. രണ്ടാമനാവുകയാണ് ഫരീദ് ഫിലിംബാൻ. വിദ്യാർഥികളുടെ ഭാഷ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും ആഗോള തലത്തിൽ അവരുടെ കഴിവുകൾ ഉയർത്തിക്കാട്ടുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വികസന പരിപാടിയുടെ ചട്ടക്കൂടിലാണ് ഈ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.