ജിദ്ദ: രാജ്യത്ത് വിദേശികളുൾപ്പെടെ 226 പേർക്കെതിരെ അഴിമതി കേസ്. ഇത്രയുംപേർ പ്രതികളായ 158 ക്രിമിനൽ കേസുകളാണ് സൗദി അഴിമതി വിരുദ്ധ അതോറിറ്റി രജിസ്റ്റർ ചെയ്തത്. ഇൗ കേസുകളിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും മറ്റുള്ളവരും ചേർന്ന് നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് കേസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത്. കൈക്കൂലി, ഒാഫിസും സ്വാധീനവും ഉപയോഗിച്ച് വഞ്ചനയും ചൂഷണവും, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് ഇൗയിനത്തിൽ കണ്ടെത്തിയ കുറ്റകൃത്യങ്ങൾ. ഇതിലൂടെ പ്രതികൾ 1.22 ശതകോടി റിയാൽ അനധികൃതമായി സമ്പാദിച്ചു എന്നും തെളിഞ്ഞു. ഇൗ കേസിൽ 48 പേരെ ചോദ്യംചെയ്തു.
ഇതിൽ 19 പേർ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരും മൂന്നുപേർ മറ്റ് ഗവൺമെൻറ് ജീവനക്കാരും 18 പേർ വ്യവസായികളും എട്ടുപേർ സംയുക്ത സേനയുമായി കരാറുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാരുമാണ്. ഇൗ കമ്പനി ജീവനക്കാരിൽ മൂന്നുപേർ വിദേശികളാണ്. ഇൗ 48 പേർക്കെതിരെയും കേസന്വേഷണം പൂർത്തിയായിട്ടുണ്ട്. ശിക്ഷാനടപടിക്ക് വിധേയമാക്കും. അനധികൃത സമ്പാദ്യം ഗവൺമെൻറ് ഖജനാവിലേക്ക് കണ്ടുകെട്ടും. രാജ്യത്തെ ഒരു മുനിസിപ്പാലിറ്റിയിലെ ക്വാളിറ്റി മാനേജ്മെൻറ് ഡയറക്ടറും രണ്ട് സഹോദരങ്ങളും ചേർന്ന് 23.2 ദശലക്ഷം റിയാൽ കൈക്കൂലി വാങ്ങിയതാണ് രണ്ടാമത്തെ കേസ്. മുനിസിപ്പാലിറ്റിയുടെ കരാറുകാരനായ ഒരു വ്യവസായി 170 ദശലക്ഷം റിയാലിെൻറ പദ്ധതികൾ തനിക്ക് നൽകിയതിെൻറ പാരിതോഷികമായി നൽകിയതാണ് ഇൗ കൈക്കൂലി. രാജ്യത്തെ ഒരു ഗവർണേററ്റ് പരിധിയിലെ ധനമന്ത്രാലയം ബ്രാഞ്ച് ഒാഫിസിലെ ഉദ്യോഗസ്ഥൻ കരാർ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയ കേസാണ് മറ്റൊന്ന്.
നാഷനൽ ഗാർഡിൽനിന്ന് വിരമിച്ച ഒരു മേജർ ജനറൽ തെൻറ സേവനകാലത്ത് ഒരു സ്വകാര്യ കമ്പനിക്ക് വിവിധ കരാറുകൾ നൽകാൻ 82 ലക്ഷം റിയാൽ കൈക്കൂലി വാങ്ങിയതാണ് നാലാമത്തെ കേസ്. ഇൗ കേസിൽ സ്വകാര്യ കമ്പനി ജീവനക്കാരായ മൂന്നുപേരും പ്രതികളായിട്ടുണ്ട്. ഒരു ഗവർണേററ്റിലെ ആരോഗ്യ കാര്യാലയത്തിൽ പ്രാക്യൂർമെൻറ് ഡയറക്ടറായ ഉദ്യോഗസ്ഥൻ അതേ ഗവർണറേറ്റിലെ ഹെൽത്ത് അഫയേഴ്സ് ആർക്കൈവ്സ് വിഭാഗം ജീവനക്കാരന് 70,000 റിയാൽ കൈക്കൂലി നൽകിയ കേസാണ് അഞ്ചാമത്തേത്. രോഗികളും അവർക്കുള്ള നഷ്ടപരിഹാരവും സംബന്ധിച്ച വിവരങ്ങൾ നേടുന്നതിനും സിസ്റ്റത്തിൽ നിന്ന് അത് മറച്ചുവെക്കുന്നതിനുമാണ് കൈക്കൂലി നൽകിയത്.
ആറാമത്തെ കേസ് തൊഴിൽ വാഗ്ദാനം ചെയ്ത് 20,000 റിയാൽ കൈക്കൂലി വാങ്ങിയ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥന് എതിരെയാണ്. വിരമിച്ചവരും സാമ്പത്തികവും ഭരണപരവുമായ കുറ്റകൃത്യ നിയമത്തിെൻറ പരിധിക്ക് പുറത്തല്ലെന്നും അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. അഴിമതിക്കെതിരെ പോരാടുന്നതിൽ ഗവൺമെൻറ് ഏജൻസികളുടെ ശ്രമങ്ങൾ അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനും കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കുന്നുണ്ട്.
മാധ്യമങ്ങളുടെ സഹകരണത്തെ പ്രശംസിക്കുന്നു. അഴിമതി ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ 980 എന്ന നമ്പറിലേക്ക് വിളിച്ച് പൊതുജനങ്ങൾക്ക് അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.