ദമ്മാം: നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിെൻറ നാട്ടിലെ ആരവങ്ങൾക്കൊപ്പം ആവേശക്കൊടുമുടിയിൽ പ്രവാസികളും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫ്ലാറ്റുകളിൽ വോട്ടെണ്ണൽ ആകാംക്ഷയുടെ നിമിഷങ്ങൾ പങ്കുവെക്കുകയാണ് പ്രവാസലോകത്ത് പലരും. മറ്റു ചിലരാകട്ടെ ഓഫിസുകളിലിരുന്നും യാത്രക്കിടയിലുമൊക്കെ തത്സമയ ഫലമറിയാൻ ജാഗരൂകരാണ്.
പ്രവാസി വോട്ട്, പ്രവാസി പുനരധിവാസ പദ്ധതി, വിമാന യാത്ര പ്രശ്നം, തൊഴിൽപ്രതിസന്ധി, കോവിഡ്കാല പ്രതിസന്ധികൾ തുടങ്ങി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് കൂടിയാണെന്നത് ഏറെ പ്രസക്തമാണ്. കോവിഡിെൻറ പശ്ചാത്തലത്തിൽ സാധാരണ തെരഞ്ഞെടുപ്പ് കാലത്തേതുപോലെ പലർക്കും നാട്ടിൽ പോവാനായില്ലെങ്കിലും ഓൺലൈൻ വഴിയുള്ള പ്രചാരണ പ്രവർത്തന പരിപാടികളിൽ നിർണായക സാന്നിധ്യമായി മാറിയ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരുമുണ്ട് സൗദിയിൽ. സ്ഥാനാർഥികൾക്ക് കെട്ടിവെക്കാനുള്ള തുക നൽകിയും പ്രചാരണ നയരൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചും പ്രവാസി സംഘടനകൾ മുന്നിൽ നടക്കാറുണ്ട്. കനത്ത പ്രചാരണ പോരാട്ടങ്ങൾ അരങ്ങേറിയ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സൈബറിടങ്ങളിൽ വെട്ടും തടവും തീർത്ത് മുന്നണികളെ മുന്നിൽനിന്ന് നയിച്ചവരിൽ പ്രവാസികളുടെ പങ്ക് നിസ്തുലമാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണ പരിപാടികൾക്കുള്ള വിഡിയോകളും ഓഡിയോകളും പോസ്റ്ററുകളുമൊക്കെ തരാതരം ഈ മണലാരണ്യത്തിൽ പിറവിയെടുത്തു. കിഴക്കൻ പ്രവിശ്യയിലെ പ്രവാസ സംഘടനകളുടെ മേൽക്കൈയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളും പ്രകാശനം ചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചൂടിെൻറ കാലത്ത് പ്രവാസികൾ പൊതുവിൽ മൂന്ന് തരക്കാരാണെന്ന് പറയാറുണ്ട്. ഉള്ളിലുള്ള ഭൂതകാല രാഷ്ട്രീയ ബോധ്യത്തിന് പിറകെ പ്രവാസ ലോകത്തും പ്രസ്തുത സംഘടനയുടെ ചാരത്തണയുന്നവർ. പ്രവാസിയാകുന്നതോടെ സമകാലിക പരിസരത്തെ നിലയും നിലപാടുമറിഞ്ഞ് താരതമ്യേന ഉപകാരപ്രദമാവുമെന്ന പ്രതീക്ഷയിൽ ചില സംഘടനകളുടെ സഹയാത്രികരാവുന്ന മറ്റൊരു കൂട്ടർ. ഈ രണ്ടു വിഭാഗത്തിലും പെടാതെ നിലവിലെ രാഷ്ട്രീയ ജീർണതകളെ എതിർത്ത് ഒന്നിലും പക്ഷംചേരാതെ ഗാലറിയിലിരുന്ന് കമൻറിടുന്ന മറ്റൊരു വിഭാഗം. ഏതായിരുന്നാലും വരുംദിവസങ്ങളിൽ സൈബറിടങ്ങളിലെ ആവേശപ്പോരിനൊപ്പം ചെറിയ തോതിലെങ്കിലും ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ആഹ്ലാദപ്രകടനങ്ങളും അരങ്ങേറും. വിവിധ മുന്നണികളുടെ കീഴിലുള്ള ജില്ല- മണ്ഡല കമ്മിറ്റികളുടെ നേതൃത്വത്തിൽ ജയപരാജയങ്ങളുടെ കാരണങ്ങൾ ചികഞ്ഞുള്ള വിശകലന പരിപാടികളും ഓൺലൈൻ അവലോകന യോഗങ്ങളും നടത്താനുള്ള തയാറെടുപ്പിലാണ് പ്രവാസി സംഘടനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.