ദുബൈ: വിവിധ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിൽ സൗദി അറേബ്യ പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്രാവിലക്കില്‍ കുടുങ്ങി മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ ദുബൈയിൽ.ഇന്ത്യയിൽനിന്ന് നേരിട്ട് സൗദിയിലേക്ക് വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ ദുബൈ വഴി വരാൻ എത്തിയതാണ് ഇവർ. യാത്ര പുറപ്പെടുന്നതിനുമുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മറികടക്കാനാണ് ഇത്.
സന്ദർശനവിസയിൽ ദുബൈയിലെത്തി അവിടെ 14 ദിവസം തങ്ങി 15ാം ദിവസം കോവിഡ് പരിശോധന നടത്തി 16ാം ദിവസം സൗദിയിലേക്കു പുറപ്പെടാനായിരുന്നു തീരുമാനം. പക്ഷേ, അവരെല്ലാം എന്ന് ഇനി സൗദിയിലേക്ക് പറക്കാനാവും എന്നറിയാതെ ദുബൈയിൽ കഴിയുകയാണ്.ഇതിനകം 14 ദിവസം പൂർത്തിയാക്കി അടുത്ത ദിവസം സൗദിയിലേക്ക് പുറപ്പെടാനിരുന്നവരും തിങ്കളാഴ്ച കേരളത്തിൽ നിന്ന് എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. 14 ദിവസം പൂർത്തിയാക്കിയതിനാൽ ഇന്നും നാളെയുമായി സൗദിയിലേക്ക് പറക്കാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവരും നല്ലൊരു പങ്കുണ്ട്.
സൗദി വിമാനവിലക്കേർപ്പെടുത്തിയ ഉടനെ എല്ലാ വിമാനക്കമ്പനികളും സർവിസുകൾ റദ്ദാക്കി. ദുബൈയിലും ഷാർജയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി ഹോട്ടലുകളിലും ഫ്ലാറ്റുകളിലും വില്ലകളിലുമായി കഴിയുന്ന ഇവരെല്ലാം അനിശ്ചിതത്വത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ പ്രയാസപ്പെട്ടിരിക്കുകയാണ്.
കുടുങ്ങിയവരിൽ മിക്കവരും കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതായവരാണ്. ഇവരുടെയെല്ലാം കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നറിയാെത ട്രാവല്‍ ഏജന്‍സികളും കുഴങ്ങുകയാണ്.
30 ദിവസത്തെ സന്ദർശന വിസയിലാണ് ഇവരെല്ലാം യു.എ.ഇയിൽ ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് 30 ദിവസം വരെ നിൽക്കാനാവുമെങ്കിലും 15 ദിവസത്തിനുശേഷമുള്ള റൂമിനും ഭക്ഷണത്തിനും വരുന്ന ചെലവ് എങ്ങനെ വഹിക്കുമെന്നറിയാതെ പ്രയാസത്തിലാണ്.
15 ദിവസത്തേക്കുള്ള താമസം, ഭക്ഷണം എന്നിവയും വിമാന ടിക്കറ്റ്, കോവിഡ് ടെസ്റ്റ് എന്നീ മറ്റു ചെലവുകളും ഉൾപ്പെടുത്തിയുള്ള പാക്കേജുകളിലാണ് ട്രാവൽ ഏജൻസികൾ ഇവരെ കൊണ്ടുവന്നിരിക്കുന്നത്. 62,000 രൂപ മുതൽ 68,000 രൂപ വരെയാണ് ഇതിനായി ഏജൻസികൾ ചാർജ് ഈടാക്കിയിരിക്കുന്നത്. എന്നാൽ ഇൗ കാലയളവ് കഴിഞ്ഞാലുണ്ടാകുന്ന താമസ, ഭക്ഷണ ചെലവുകൾ യാത്രക്കാരൻ വഹിക്കേണ്ടിവരും.
ഏറെക്കാലം നാട്ടിൽനിന്ന് കൈയിലെ പണം മുഴുവൻ തീർന്ന് യാത്രക്കുള്ള പണം ഒപ്പിച്ചുകൂട്ടി ട്രാവൽ ഏജൻസിക്ക് കൊടുത്ത് വെറുംകൈയോടെ എത്തിയിരിക്കുന്ന ഇൗ പ്രവാസികൾ അധികമായി വരുന്ന ചെലവുകൾക്ക് എങ്ങനെ, എവിടെനിന്ന് പണം കണ്ടെത്തും എന്നറിയാതെ ആശങ്കപ്പെടുകയാണ്.
ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലേക്കര്പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ചകൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമൂലം 15 ദിവസത്തിനുള്ളിൽ എത്തിയ എല്ലാവരും ഇനി എന്തു ചെയ്യുമെന്നറിയാതെ മാനസിക പ്രയാസത്തിലാണ്. സൗദിയില്‍ ഇന്ത്യൻ സ്കൂളുകള്‍ക്കും മറ്റും അവധിയായതിനാലും ഇന്ത്യയിൽനിന്ന് വിമാനം ഇല്ലാത്തതിനാലും വെക്കേഷൻ ആഘോഷിക്കാനായും നിരവധി കുടുംബങ്ങൾ ദുബൈയിലെത്തിട്ടുണ്ട്. ഇവരും ഇനി എന്നു മടങ്ങാനാകുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതത്വത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.