മനാമ: കോവിഡ് -19 കേസുകളുടെ ശൈത്യകാല കുതിപ്പ് ഒടുവിൽ കുറയുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്ത് അണുബാധകളിൽ 55 ശതമാനം കുറവുണ്ടായി. ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവത്തെയും വ്യാപനത്തെയും തുടർന്ന് ഫെബ്രുവരി ഒന്നിന് ഏറ്റവും ഉയർന്ന 8173 കേസുകൾവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. എന്നാലും, കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞതോടെ കോവിഡ് മുൻകരുതൽ ലഘൂകരിച്ചു. കഴിഞ്ഞ ആഴ്ചയിൽ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ദിവസേനയുള്ള പുതിയ കേസുകൾ ഏകദേശം 30 ശതമാനവും സജീവമായ കേസുകൾ 20 ശതമാനവും കുറഞ്ഞു. ഇതോടെ ബിഅവെയ്ർ ആപ്പിൽ ഗ്രീൻ ഷീൽഡ് കൈവശം വെക്കാത്തവർ ഉൾപ്പെടെ, നിലവിലുള്ള കേസുകളുടെ എല്ലാ കോണ്ടാക്ടുകളുടെയും മുൻകരുതൽ ക്വാറന്റീനും രാജ്യം റദ്ദാക്കി. തീരുമാനം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
കോവിഡ്: പോരാട്ടത്തിന് നേതൃത്വം നൽകിയത് വനിതകൾ
മനാമ: കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിൽ മുൻനിരയിലുള്ളത് വനിതകൾ. പകർച്ചവ്യാധിയെ നേരിടാനായി 400ലധികം ബഹ്റൈൻ വനിതാ നഴ്സുമാരെയാണ് സർക്കാർ പിന്തുണയോടെ കഴിഞ്ഞവർഷം നിയമിച്ചതെന്ന് ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റി (എൻ.എച്ച്.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഡോ. മറിയം അൽ ജലഹ്മ പറഞ്ഞു. രാജ്യത്തിന് ആരോഗ്യ സംരക്ഷണ മേഖലയിൽ, പ്രത്യേകിച്ച് നഴ്സിങ് വിഭാഗങ്ങളിൽ സ്ത്രീകളുടെ അനുപാതം വളരെ കൂടുതലാണ്. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ബഹ്റൈനിലെ നഴ്സുമാരിൽ 89 ശതമാനവും ഫാർമസിസ്റ്റുകളിൽ 63 ശതമാനവും അനുബന്ധ ആരോഗ്യ വിദഗ്ധരിൽ 60 ശതമാനവും സ്ത്രീകളാണ്. രാജ്യത്തെ ഡെന്റൽ പ്രാക്ടീഷനർമാരിൽ 46 ശതമാനവും സ്ത്രീകളാണെന്നും -ഡോ. അൽ ജലഹ്മ പറഞ്ഞു. ബഹ്റൈൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഡിലീസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക (ഐ.പി.ഐ മെന) ഫോറത്തിൽ, "പാൻഡെമിക്കുകളെ നേരിടുന്നതിൽ ലിംഗഭേദമുള്ള സ്വകാര്യമേഖലയുടെ പങ്ക്" എന്ന ശീർഷകത്തിൽ സംസാരിക്കുകയായിരുന്നു അൽ ജലഹ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.