റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച നാല് പേർ കൂടി മരിച്ചു. പുതിയ മരണങ്ങളിൽ രണ്ടെണ്ണം ജിദ്ദയിലും രണ്ടെണ്ണം മദീനയിലുമാണ് സംഭവിച്ചത്. നാലുപേരും വിദേശികളാണ്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ എട്ടായി. നേരത്ത െ രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലും ഒരു സ്വദേശി റിയാദിലും മരിച്ചിരുന്നു. മരിച്ച എട്ടുപേരിൽ ഏഴും വിദേശി പൗരന്മാരാണ്.
ഞായറാഴ്ച പുതുതായി 96 പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1299 ആയി. ഒറ്റ ദിവസം കൊണ്ട് 26 പേർ സുഖം പ്രാപിച്ചു എന്ന വിവരം ആശ്വാസം നൽകുന്നതാണ്. ഇതോടെ രോഗമുക്തരുടെ എണ്ണം 66 ആയി. പുതിയ കേസുകൾ കൂടുതലായി ഞായറാഴ്ചയും റിപ്പോർട്ട് ചെയ്തത് റിയാദിലാണെങ്കിലും എണ്ണത്തിൽ കുറവുണ്ട്. 27 പേർക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ദമ്മാമിൽ 23ഉം മദീനയിൽ 14ഉം ജിദ്ദയിൽ 12ഉം മക്കയിൽ ഏഴും അൽഖോബാറിൽ നാലും ദഹ്റാനിൽ രണ്ടും ഖത്വീഫ്, റഅസ് തനൂറ, സൈഹാത്ത്, ഹുഫൂഫ്, താഇഫ്, ഖമീസ് മുശൈത്ത്, തബൂക്ക് എന്നിവിടങ്ങളിൽ ഒാരോന്ന് വീതവുമാണ് പുതുതായി രജിസ്റ്റർ ചെയ്ത കേസുകൾ.
പുതിയ കേസുകളിൽ 28 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 68 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് പകർന്നതാണ്. എന്തായാലും കർഫ്യൂ പ്രഖ്യാപിച്ച് ആളുകളെ വീടുകളിൽ ഇരുത്തിയത് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ. സമൂഹ വ്യാപനം തടയാൻ അത് കാരണമായി. കർഫ്യൂ ആരംഭിച്ച ദിവസം പുതുതായി രജിസ്റ്റർ ചെയ്ത രോഗികളുടെ എണ്ണം 205 ആയിരുന്നു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു അത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം പടിപടിയായി കുറയുന്നതാണ് കണ്ടത്. പിറ്റേ ദിവസം 133, അടുത്ത ദിവസം 112, പിന്നീട് 92, 99, 96 എന്നിങ്ങനെ പുതിയ രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയായിരുന്നു. ഇപ്പോഴും രോഗികളുടെ ആകെ എണ്ണത്തിൽ തലസ്ഥാനമായ റിയാദ് തന്നെയാണ് മുന്നിൽ. ഞായറാഴ്ച വരെ 518 പേർക്കാണ് റിയാദിൽ രോഗം ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.