ജിദ്ദ: കോവിഡ് പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന യുവതീയുവാക്കൾക്ക് സഹായം നൽകുമെന്ന് സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജിഹി. ജി20 തൊഴിൽ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2015ൽ അൻറാലിയയിൽ ജി20 സമ്മേളനത്തിൽ ഒപ്പുവെച്ച കരാർ നിറവേറ്റുന്നതിെൻറ ഭാഗം കൂടിയാകും ഇത്.
2025ഒാടെ തൊഴിൽ വിപണിയിൽ സ്ഥിരമായി അവഗണിക്കുന്ന വിഭാഗങ്ങളുടെ അനുപാതം 15 ശതമാനമായി കുറക്കാൻ ശ്രമിക്കുമെന്നായിരുന്നു അന്നത്തെ തീരുമാനം. മാറുന്ന സാഹചര്യത്തിൽ എല്ലാവർക്കും സാമൂഹിക സംരക്ഷണം നൽകുന്നതിനാണ് മുൻഗണന നൽകേണ്ടത്. എന്നാൽ മാത്രമേ എല്ലാവർക്കും ഉചിതമായ സാമൂഹിക പരിരക്ഷ നൽകാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ജി20 രാജ്യങ്ങളിൽ തൊഴിൽ നൽകാൻ പ്രവർത്തിക്കുന്ന വർക്കിങ് ടീമിലെ ആളുകൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.
2020ലെ പ്രവർത്തനങ്ങളിൽ മുൻഗണ നൽകേണ്ടത് കോവിഡ് വൈറസിെൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും സുസ്ഥിരവും ദീർഘകാലവുമായ ആനുകൂല്യങ്ങൾ നൽകുന്നതിനുമായിരിക്കണം. ജോലിസ്ഥലത്തെ ലിംഗസമത്വം മുൻഗണനകളിൽ ഒന്നാണ്. 2014ൽ ബ്രിസ്ബനിൽ നേതാക്കൾ അംഗീകരിച്ച പ്രഖ്യാപനമായിരുന്നു അത്. സ്ത്രീകൾക്ക് ജോലി നൽകുന്നതിലെ മുൻഗണനകളെ പിന്തുണക്കുന്നു.
ഇൗ വർഷം ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന സൗദി അറേബ്യയുടെ പിന്തുണക്കും പ്രതിബദ്ധതക്കും മന്ത്രി നന്ദി പറഞ്ഞു. അതേസമയം, ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കാൻ ജി20 തൊഴിൽ മന്ത്രിമാരുമായി ധാരണയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്കൊപ്പം സാമൂഹിക സംരക്ഷണം വർധിപ്പിക്കുന്നതിനും എല്ലാവർക്കും അവസരങ്ങൾ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട ലോകത്തെ രൂപപ്പെടുത്താനും യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കാനും വേണ്ട സഹായങ്ങൾ നൽകാനും ധാരണയായതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.