ജിദ്ദ: റമദാൻ ഒന്നു മുതൽ ഹജ്ജ്-ഉംറ മേഖലയിലെ ജോലിക്കാർക്കും മക്ക, മദീന നഗരങ്ങളിലെ കച്ചവടക്കാർക്കും കോവിഡ് കുത്തിവെപ്പ് നിർബന്ധം. ഹജ്ജ്-ഉംറ മേഖലയിലെ ജോലിക്കാർ റമദാൻ ഒന്നു മുതൽ കോവിഡ് വാക്സിൻ എടുത്തിരിക്കുകയോ അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയോ വേണമെന്ന് അറിയിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.
കുത്തിവെപ്പെടുക്കാത്തവർ എല്ലാ ആഴ്ചയും കോവിഡ് പരിശോധനഫലം നെഗറ്റിവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്. മനുഷ്യജീവിതം സംരക്ഷിക്കാനും പ്രതിരോധ നടപടികൾ നടപ്പാക്കി ജീവിതം സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരാനും ഗവൺമെൻറ് നടത്തിവരുന്ന ശ്രമത്തിെൻറ ഭാഗമാണ് തീരുമാനമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.
മക്കയിലും മദീനയിലും കടകളിൽ ജോലി ചെയ്യുന്നവർക്ക് റമദാനുമുമ്പ് കോവിഡ് വാക്സിൻ നിർബന്ധമാണെന്ന തീരുമാനം പുറപ്പെടുവിച്ചത് മുനിസിപ്പൽ ഗ്രാമകാര്യ ഭവന മന്ത്രാലയമാണ്. ഇരു നഗരങ്ങളിലെയും കടകളിലെ ജോലിക്കാരും ഹജ്ജ്-ഉംറ തീർഥാടകർക്ക് സേവനം ചെയ്യുന്നവരും കുത്തിവെപ്പ് എടുക്കുകയോ അല്ലെങ്കിൽ ഒാരോ ആഴ്ചയിലും പി.സി.ആർ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ വേണമെന്നാണ് നിർദേശം. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തെ മുഴുവൻ ഒാഫിസുകളിലെ ജോലിക്കാരും കോവിഡ് വാക്സിനെടുത്തിരിക്കണമെന്ന നിർദേശം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ചിരുന്നു.
പൊതുഗതാഗത മേഖലയിലെ ഡ്രൈവർമാർ, കായിക കേന്ദ്രങ്ങൾ, ഹോട്ടൽ, ഭക്ഷ്യവിതരണ കേന്ദ്രം, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിലെ ജോലിക്കാർക്കും ശവ്വാൽ ഒന്നു മുതൽ കുത്തിവെപ്പ് അല്ലെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ കഴിഞ്ഞ ദിവസം തീരുമാനിച്ചു.
ആരോഗ്യ മുൻകരുതൽ പാലിക്കാൻ കർശന നിർദേശം
കോവിഡ് കേസുകളുടെ വർധനക്കു കാരണം മുൻകരുതൽ നടപടികൾ പാലിക്കാത്തത്
ജിദ്ദ: ആളുകൾ ഒരുമിച്ച് കൂടുന്നതും മുൻകരുതൽ നടപടികൾ പാലിക്കാത്തതുമാണ് കോവിഡ് കേസുകളുടെ വർധനക്കു കാരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകളുടെ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിശദീകരണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുമുക്തമാക്കുക, ഹസ്തദാനം നൽകാതിരിക്കുക തുടങ്ങിയ മുൻകരുതൽ നിർബന്ധമായും എല്ലാവരും പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം ഉണർത്തി.
മുഴുവനാളുകളും ആരോഗ്യ മുൻകരുതൽ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുക, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുേമ്പാൾ ശരീരോഷ്മാവ് അളക്കുക തുടങ്ങിയ മുൻകരുതൽ പാലിക്കാതിരിക്കൽ നിയമലംഘനവും ശിക്ഷാർഹവുമാണ്. 1000 റിയാൽ പിഴയും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കച്ചവട കേന്ദ്രങ്ങളിൽ തിരക്കുണ്ടാകുന്നതിനെതിരെ വാണിജ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ചില മാളുകളിൽ തിരക്ക് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. കേന്ദ്രങ്ങൾക്കകത്തേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ പ്രവേശിപ്പിക്കരുതെന്ന് വ്യക്തമാക്കി. കച്ചവട കേന്ദ്രങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
തീരുമാനങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടുകയും നിയമാനുസൃത ശിക്ഷാനടപടികൾ ഉണ്ടാകുകയും ചെയ്യും. തിരക്കേറിയ കടകളിലെ ഷോപ്പിങ് ഒഴിവാക്കണമെന്നും ഇ-മാർക്കറ്റിങ് സംവിധാനത്തിലൂടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം സംരക്ഷിക്കാനും കോവിഡ് വ്യാപനം തടയാനുമാണിത്. ഷോപ്പിങ് നടത്തുേമ്പാൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ശരീരോഷ്മാവ് പരിേശാധിക്കുകയും കൈകൾ അണുമുക്തമാക്കുകയും വേണമെന്നും വാണിജ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.