സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സക്ക് ഇനി സർക്കാർ സഹായം ഇല്ല

ജിദ്ദ: സൗദിയിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവുകള്‍ ഇനിമുതൽ അതാത് രോഗികൾ തന്നെ വഹിക്കേണ്ടിവരും. ഇത് വരെ സർക്കാർ ചിലവിൽ ലഭ്യമായിരുന്ന സൗജന്യ ചികിത്സ നിര്‍ത്തിവെച്ചതായി ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികൾക്കുമായി അയച്ച സര്‍ക്കുലറില്‍ കോ ഓപറേറ്റീവ് ഹെൽത്ത് ഇന്‍ഷുറന്‍സ് (സി.സി.എച്ച്‌.ഐ) അതോറിറ്റി വ്യക്തമാക്കി.

എന്നാൽ ഈ മാസം 13 ന് മുമ്പായി കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് കൃത്യമായ രേഖകളോടെ അവരെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റുന്നത് വരെയുള്ള ചികിത്സ ചിലവ് വഹിക്കും. ചികിത്സക്കായി ഇൻഷുറൻസ് പരിരക്ഷക്ക് അർഹതയില്ലാത്ത രോഗികളെ ആരോഗ്യ ഇൻഷുറൻസ് പ്രോഗ്രാമിൽ നിന്ന് മുൻകൂർ അനുമതി നേടിയും ഓപ്പറേറ്റിംഗ് കമ്പനി മുഖേന ആരോഗ്യ സേവനങ്ങൾ വാങ്ങിയും ചികിത്സ തുടരും.

കോവിഡ് ബാധിച്ച് ന്യുമോണിയ ആയി മാറുകയോ ഓക്സിജന്റെ അഭാവം മൂലം അവർക്ക് രോഗം ഗുരുതരമാവുകയോ ഹിപ്നോസിസ് ആവശ്യമായി വരികയോ ചെയ്താൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതുവരെയും അംഗീകൃത പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് കോവിഡ് പരിശോധന നെഗറ്റീവ് ഫലങ്ങൾ തെളിയിക്കപ്പെടുന്നതുവരെയും സൗജന്യ ചികിത്സ ലഭിക്കും.

എന്നാൽ മറ്റ് രോഗ ബാധിതര്‍ക്ക് കോവിഡ് ബാധിച്ചാലും സൗജന്യ ചികിത്സ ലഭിക്കില്ല. ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് പോളിസിയുടെ പരിധിക്ക് അനുസൃതമായി എല്ലാ ചികിത്സ ചെലവുകളും ഇൻഷുറൻസ് കമ്പനികൾ വഹിക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡിനെതിരെ എല്ലാ വാക്സിനേഷൻ ഡോസുകളും ബൂസ്റ്റർ ഡോസുകളും പൂർത്തിയാക്കണമെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമായതിനെത്തുടർന്നാണ് പുതിയ പ്രഖ്യാപനം.

Tags:    
News Summary - Covid treatment in private hospitals is no longer supported by the government In Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.