ദമ്മാം: കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നവർക്ക് കാറിനകത്തിരുന്നുതന്നെ കുത്തിവെപ്പെടുക്കാനുള്ള പദ്ധതിക്ക് കിഴക്കൻ പ്രവിശ്യയിലും തുടക്കമായി. പ്രിൻസ് സൗദി ബിൻ ജലവി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് അൽഅഹ്സയിലാണ് പ്രവിശ്യയിൽ കാറിനകത്ത് കുത്തിവെപ്പെടുക്കൽ ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതൽ റിയാദ്, മക്ക, മദീന, അബഹ നഗരങ്ങളിലും കാറിലിരുന്ന് കുത്തിവെപ്പെടുക്കാനുള്ള സേവനം അധികൃതർ ലഭ്യമാക്കിയിരുന്നു.
കിഴക്കൻ പ്രവിശ്യയിൽ നിലവിലുള്ള അഞ്ചു പ്രതിരോധ സേവന കേന്ദ്രങ്ങൾക്ക് പുറമെയാണ് കാറിനകത്തും കുത്തിവെപ്പെടുക്കാനുള്ള സൗകര്യം ആരോഗ്യമന്ത്രാലയം ഒരുക്കിയിരിക്കുന്നത്. നേരത്തേ പ്രവർത്തനമാരംഭിച്ച ദഹ്റാൻ, ഹഫറുൽ ബാതിൻ, അൽഅഹ്സ, റാസ് തന്നുറ എന്നീ കേന്ദ്രങ്ങൾക്ക് ശേഷം ദിവസങ്ങൾക്കുമുമ്പാണ് ജുബൈലിൽ സെൻറർ യാഥാർഥ്യമായത്. ദിനേന 1500 പേർക്ക് വരെ കുത്തിവെപ്പെടുക്കാവുന്ന ജുബൈലിലെ സെൻററിൽ നൂറുകണക്കിന് സ്വദേശികളും വിദേശികളുമാണ് വാക്സിൻ എടുക്കാനെത്തുന്നത്.
65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യപരമായ അപകട സാധ്യതയുള്ളവർക്കും ആദ്യഘട്ടത്തിലും 50 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടത്തിലുമാണ് വാക്സിൻ നൽകുന്നത്. മറ്റുള്ളവർക്ക് മൂന്നാം ഘട്ടത്തിലും കുത്തിവെപ്പ് എടുക്കാം. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ് വാക്സിൻ വിതരണം ചെയ്യുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം പൂർത്തിയാക്കിയ ശേഷം രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണം. ഇനിയും രജിസ്റ്റർ ചെയ്യാത്തവർ സിഹത്തീ ആപ് വഴി വാക്സിനേഷനായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.